സിംഗപ്പൂര്‍:പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ അനുവാദമില്ലാതെ പ്രതിഷേധം നടത്തിയ ഇന്ത്യക്കാരനെ തിരഞ്ഞ് സിംഗപ്പൂര്‍ പോലീസ്. സിംഗപ്പൂരിലെ മറീന ബേയില്‍ ആഡംബര ഹോട്ടലുകള്‍ക്കടുത്ത് പൌരത്വ നിയമ ഭേദഗതിക്കെതിരേ പ്ലക്കാര്‍ഡ് പിടിച്ച് നിന്ന ആളെയാണ് പോലീസ് അന്വേഷിക്കുന്നത്.
പ്രതിഷേധം നടന്ന സമയത്ത് ആരും ശ്രദ്ധിച്ചില്ലെങ്കിലും ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കിട്ടതോടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഏകദേശം മുപ്പത്തിരണ്ട് വയസ്സ് പ്രായംതോന്നിക്കുന്ന വ്യക്തിയാണ് . ഇയാള്‍ ഇന്ത്യാക്കാരനോ, ഇന്ത്യന്‍ വംശജനോ ആയിരിയ്ക്കാം എന്നാണ് പോലീസിന്റെ നിഗമനം .
സിംഗപ്പൂര്‍ നിയമമനുസരിച്ച്, മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം നടത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. വിദേശത്തുനിന്ന് വരുന്നവരാണെങ്കില്‍ ഒരു രീതിയിലുള്ള പ്രതിഷേധം നടത്താനും സിംഗപ്പൂരില്‍ അനുവാദമില്ല.
സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായതോടെ ഡിലീറ്റ് ചെയ്തെങ്കിലും സിംഗപ്പൂര്‍ പോലീസ് ഇതിനെ ഗൌരവമായാണ് എടുത്തിരിക്കുന്നത്.
മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയവിഷയങ്ങളില്‍ സിംഗപ്പൂരില്‍ വച്ച് യാതൊരു പ്രതിഷേധത്തിനും ഇവിടെ അനുവാദമില്ലെന്നും വിദേശത്തുനിന്നും വന്നവര്‍ സിംഗപൂര്‍ നിയമങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും ഈ പ്രവൃത്തിയെ ഗുരുതരമായാണ് കാണുന്നതെന്നും സിംഗപൂര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post