എറണാകുളം: യുവ താരങ്ങൾ അടക്കം ഉയർന്ന പ്രതിഫലം വാങ്ങുന്നതിനെതിരെ പരാതിയുമായി നിർമ്മാതാക്കൾ. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎ ( കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ) താര സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. ഉയർന്ന പ്രതിഫലത്തെ തുടർന്ന് ചില നിർമ്മാതാക്കൾക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് സംഘടന അമ്മയെ സമീപിച്ചത്.
നിലവിൽ നാല് കോടിയ്ക്ക് മുകളിലാണ് പ്രമുഖ താരങ്ങൾ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. സീനിയർ താരങ്ങൾക്ക് സമാനമായ രീതിയിൽ യുവ താരങ്ങളും കോടികളിലേക്ക് തങ്ങളുടെ പ്രതിഫലം ഉയർത്തിയിട്ടുണ്ട്. അടുത്തിടെ ഒരു യുവ താരം സിനിമയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു.
താരങ്ങൾ പ്രതിഫലം ഉയർത്തിയതോടെ സിനിമയ്ക്കായി അധിക തുകയാണ് നിർമ്മാതാക്കൾക്ക് മുടക്കേണ്ടിവരുന്നത്. 15 കോടിയിലധികം രൂപയുടെ വ്യത്യാസമാണ് ഉണ്ടാകുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. താരങ്ങൾക്ക് സമാനമായ രീതിയിൽ ഛായാഗ്രഹകരുടെ സമീപനത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. ചിലർ ദിവസ വേദനത്തിന് വരാൻ വിസമ്മതിയ്ക്കുന്നുവെന്നും കത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ സംഗീത സംവിധായകർ നേരത്തെ പ്രതിഫലം ആയിരുന്നു കൈപ്പറ്റിയത്. എന്നാൽ അടുത്ത കാലത്തായി പകർപ്പവകാശം ആണ് വാങ്ങുന്നത്. ഇവ വൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി വൻ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകൾ അവസാനിപ്പിച്ചിട്ടുണ്ട്. അതിനാൽ തിയറ്ററിൽ നിന്നുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത് എന്നും നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
Discussion about this post