ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേക്ക് 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ്. നാശനഷ്ടങ്ങളുടെ കണക്ക് വിലയിരുത്തി വരികയാണെന്നും ചിലപ്പോൾ തുക ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളായവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്താൻ ഫേസ് റെക്കഗനിഷൻ ക്യാമറകളുടെയും നിർമ്മിത ബുദ്ധിയുടെയും സഹായം റെയിൽവേ ഫലപ്രദമായി ഉപയോഗിച്ചു വരികയാണ്. മുർഷിദാബാദ് ജില്ലയിലെ ബേൽദംഗയിൽ അക്രമികൾ സ്റ്റേഷൻ മാസ്റ്ററുടെ ക്യാബിൻ തകർക്കുകയും ടിക്കറ്റ് കൗണ്ടർ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ അഗ്നിക്കിരയാക്കിയിരുന്നു.
ഹൗറയിൽ അക്രമികൾ ഉളുബേരിയ സ്റ്റേഷനിലേക്ക് ഇരച്ചുകയറി ട്രെയിനുകൾ നശിപ്പിച്ചിരുന്നു. കല്ലേറിൽ ഒരു ലോക്കോ പൈലറ്റിനും ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
2022 മാർച്ച് മാസത്തോട് കൂടി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു. ഇതുവരെ രാജ്യത്തെ 503 റെയിൽവേ സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുകയെന്നും യാത്രകാരുടെ സ്വകാര്യതയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ ഉത്പാദക യൂണിറ്റുകൾ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യാദവ് കൂട്ടിച്ചേർത്തു.
Discussion about this post