തിരുവനന്തപുരം; പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ചവരെയും മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എംജി സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിയമനടപടിയ്ക്ക് തയ്യാറെടുക്കുന്നു. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും വിദ്യാര്‍ത്ഥികള്‍ ആണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.
പത്ത് വര്‍ഷമായി ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയിട്ടും ബിടെക് പാസ്സാവാനാകാതെ നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് നിയമവിരുദ്ധമായി നല്‍കിയിരുന്നു.ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരേയും തിരുകി കയറ്റിയത്. മാര്‍ക്ക്ദാനം റദ്ദാക്കുന്നെന്ന് കാണിച്ച മെമ്മോ അയ്ക്കുമ്പോഴാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നോട്ടപ്പിശകിന് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ എംജി സര്‍വകലാശാല നടപടി എടുത്തു. മാര്‍ക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയില്‍ ഈ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും വിദേശ ജോലി സാധ്യതയും അടഞ്ഞിരുന്നു. രണ്ട് പേര്‍ക്കും നോര്‍ക്ക ബിരുദ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വീഴ്ചയ്ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുന്നത്.
അതേ സമയം നാളെ ഗവര്‍ണ്ണര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ വിശദീകരണം ചോദിച്ചേക്കും.









