ലഖ്നൗ: രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ശിശുക്കളുടെ അമ്മമാരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക വദേരയും സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി രാഷ്ട്രീയത്തില്‍ ഇടപെട്ട് സമയം കളയുന്നതിന് പകരം രാജസ്ഥാനിലെ ദുഃഖിതരായ അമ്മമാരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറാകണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ല എന്നത് ദുഃഖകരമാണ്. നിരപരാധികളായ നൂറുകണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സംഭവം ഹൃയഭേദകമാണെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനവും സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൗനവും തന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നുവെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
ശിശുമരണങ്ങളുടെ പേരില്‍ ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത പ്രിയങ്ക പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്ന് പറയേണ്ടി വരുമെന്ന് മായാവതി വിമര്‍ശിച്ചിരുന്നു.
Discussion about this post