ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കക്കെതിരേ എന്തെങ്കിലും ചെയ്താല്‍ ഇറാനു വളരെ വേണ്ടപ്പെട്ട അന്‍പത്തിരണ്ട് സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്.
‘സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ അമേരിക്കക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ മുതിര്‍ന്നാല്‍ അതിശക്തമായി തിരിച്ചടിയ്ക്കും. ഇറാനു ഏറ്റവും വേണ്ടപ്പെട്ട അന്‍പത്തിരണ്ട് പ്രദേശങ്ങള്‍ ഇപ്പോള്‍ത്തന്നെ അമേരിക്ക ലക്ഷ്യം വച്ചിട്ടുണ്ട്. ഇറാനും ഇറാനിയന്‍ സംസ്‌കാരത്തിനും ഏറ്റവും പ്രിയപ്പെട്ട അന്‍പത്തിരണ്ട് പ്രദേശങ്ങളാണ് ലക്ഷ്യം വച്ചിരിയ്ക്കുന്നത്. വളരെ പെട്ടെന്നും അതിശക്തമായും തന്നെ അവിടം അമേരിക്ക തകര്‍ത്തിരിയ്ക്കും. അമേരിക്കയ്ക്ക് ഇനി ഭീഷണികളൊന്നും ആവശ്യമില്ല’. ട്രംപ് പറഞ്ഞു.
1979ല്‍ ഇറാനില്‍ അട്ടിമറി നടന്നപ്പോള്‍ ബന്ദികളാക്കപ്പെട്ട 52 അമേരിക്കക്കാരെ പ്രതിനിധീകരിച്ചാണ് ഇറാനിലെ 52 പ്രദേശങ്ങള്‍ ലക്ഷ്യം വച്ചിരിയ്ക്കുന്നതെന്ന് ട്രമ്പ് പറഞ്ഞു. 444 ദിവസങ്ങള്‍ അന്നവര്‍ ബന്ദികളക്കപ്പെട്ടിരുന്നു. ഇറാനും അമേരിക്കയുമായുള്ള ബന്ധം ഏറ്റവും കൂടുതല്‍ വഷളായത് ആ സംഭവത്തിനു ശേഷമാണ്.
മുപ്പത്തിയഞ്ച് അമേരിക്കന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തും എന്ന് ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡ് ജനറല്‍ ഗൊലമാലി അബുഹംസ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് അന്‍പത്തിരണ്ട് ഇറാന്‍ പ്രദേശങ്ങള്‍ തകര്‍ക്കും എന്ന് ട്രംപ് പറഞ്ഞതെന്ന് കരുതുന്നു.
അതേസമയം ഇറാ!നിലും ഇറാക്കിലെ ചില ഭാഗങ്ങളിലും അമേരിക്കക്കെതിരേ യുദ്ധത്തിനുള്ള പൊതുജനവികാരം അതിശക്തമായി ഉയരുകയാണ്. ഇറാനിയന്‍ ജനങ്ങള്‍ അമേരിക്കക്കെതിരേയും ഇസ്രേയലിനെതിരേയും മുദ്രാവാക്യങ്ങള്‍ മുഴക്കി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തുകയാണ്.












Discussion about this post