കൊച്ചി; ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര മടങ്ങിവരവ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ തകർത്തത്. 14ആം മിനിട്ടിൽ ലീഡ് വഴങ്ങിയപ്പോൾ പതിവ് പരാജയ പരമ്പര തുടരുമെന്ന് കരുതിയവരുടെ പ്രതീക്ഷ തെറ്റിച്ച് ഗംഭീര പ്രകടനമാണ് സ്വന്തം കാണികൾക്ക് മുന്നിൽ മഞ്ഞപ്പട പുറത്തെടുത്തത്.
33ആമത്തെയും 75ആമത്തെയും മിനിട്ടുകളിൽ ഇരട്ട ഗോളുകളുമായി നായകൻ ബർത്തലോമിയോ ഓഗ്ബെച്ചെ മുന്നിൽ നിന്ന് നയിച്ചപ്പോൾ 39ആം മിനിട്ടിൽ വ്ലാട്കോ ദ്രൊബറോവും 45ആം മിനിട്ടിൽ മെസ്സിയും 59ആം മിനിട്ടിൽ സെയ്ത്യാസെൻ സിംഗും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. ബ്രസീലിയൻ താരം ബോബോയുടെ വകയായിരുന്നു 14ആം മിനിട്ടിലെ ഹൈദരാബാദിന്റെ ആശ്വാസ ഗോൾ. സീസണിൽ ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയം മാത്രമാണ്. ഇന്നത്തെ വിജയത്തോടെ 11 മത്സരങ്ങളിൽനിന്നും 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്നും അഞ്ച് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
Discussion about this post