ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വന്‍ കുതിപ്പ്. ശൂന്യാകാശയാത്രികര്‍ക്കായി ലോകനിലവാരത്തിലുള്ള ശൂന്യാകാശസഞ്ചാര പരിശീലനകേന്ദ്രം ആരംഭിയ്ക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായി. വന്‍ നഗരങ്ങളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ ഇപ്പോള്‍ത്തന്നെയുള്ള ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളോടനുബന്ധിച്ചോ ഒന്നുമല്ല ഇത് നിര്‍മ്മിയ്ക്കുന്നത്. കര്‍ണാടകയില്‍ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ചെറിയ പട്ടണമായ ചല്ലക്കരെ എന്ന സ്ഥലത്താണിത്. ബാംഗ്ലൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ബാംഗ്ലൂര്‍-പൂനെ ദേശീയപാതയ്ക്കരികിലാണ്.
നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പെയിസ് സെന്ററിലും ബാംഗ്ലൂരിലെ യു ആര്‍ റാവു സാറ്റലൈറ്റ് കേന്ദ്രത്തിലും ഇന്ത്യന്‍ വ്യോമസേനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്‌റോസ്‌പേസ് മെഡിസിനിലുമാണ് പരിശീലനവും ഗവേഷണവും മുഖ്യമായും നടക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ .ശൂന്യാകാശയാത്രയ്ക്ക് വേണ്ടുന്ന ഗവേഷണപരിശീലനങ്ങള്‍ക്കായുള്ള സകല സ്ഥാപനങ്ങളും ചല്ലക്കരെയിലേക്ക് മാറ്റിസ്ഥാപിയ്ക്കും. ഭാവിയിലേക്ക് വേണ്ടുന്ന സകല സൌകര്യങ്ങളും മുന്നില്‍ക്കണ്ടാണ് ഈ ശൂന്യാകാശ ടൌണ്‍ഷിപ്പിന്റെ രൂപകല്‍പ്പന. ഇപ്പോള്‍ റഷ്യയിലും ഫ്രാന്‍സിലും പരിശീലനം തേടുന്ന ഗഗന്‍യാന്‍ യാത്രികര്‍ക്ക് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ത്തന്നെ എല്ലാ തലത്തിലുമുള്ള പരിശീലനം ലഭ്യമാക്കാനാവുന്ന വിധത്തില്‍ ലോക നിലവാരത്തിലാണ് ഈ ടൗണ്‍ഷിപ്പ് നിര്‍മ്മിയ്ക്കുന്നത്.
8000 ഏക്കറില്‍ (32 ചതുരശ്ര കിലോമീറ്റര്‍) ഇപ്പോള്‍ത്തന്നെ ഐ എസ് ആര്‍ ഒ, ഭാഭാ ആണവ ഗവേഷണ കേന്ദ്രം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കായി വന്‍ സയന്‍സ് പാര്‍ക്ക് പദ്ധതി ഇവിടെ നിലവിലുണ്ട്. ഇതിലെ നാനൂറ് ഏക്കര്‍ സ്ഥലത്താണ് ഗഗന്‍യാന്‍ പദ്ധതിയ്ക്കായി മാത്രം പരിശീലനകേന്ദ്രം വിഭാവനം ചെയ്യുന്നത്. 2700 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ ആണ് ഈ കേന്ദ്രത്തിനായി നീക്കിവച്ചിട്ടുള്ളത്. പതിനായിരം കോടി രൂപയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ആകെ ബജറ്റായി വകയിരുത്തിയിട്ടുള്ളത്.
ഒരൊറ്റ ശൂന്യാകാശയാത്ര കൊണ്ട് അവസാനിയ്ക്കുന്നതല്ല ഇന്ത്യയുടെ മനുഷ്യ ശൂന്യാകാശപര്യവേഷണം. ശൂന്യാകാശസഞ്ചാരത്തിനായി സ്ഥിരമായ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്യുന്നത്. ഡോക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായരാണ് ഗഗന്‍യാന്‍ പദ്ധതിയുടെ സ്ഥാപക ഡയറക്ടര്‍. വൈക്കം താലൂക്കിലെ കോതനല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് സാധാരണക്കാരനായി ഉയര്‍ന്ന് വന്ന് ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാന്റെ ആദ്യ ഡയറക്ടറായ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എം ടെക്കും ഐ ഐ ടി ചെന്നൈയില്‍ നിന്ന് പി എച് ഡിയും കഴിഞ്ഞാണ് ഐ എസ് ആര്‍ ഓയില്‍ ഗവേഷകനായത്.









Discussion about this post