മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷ കാത്തുകിടക്കുന്ന എഴുത്തുകാരനും സര്‍വകലാശാല അദ്ധ്യാപകനുമായ ജുനൈദ് ഹഫീസിനെ വധിയ്ക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധര്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ജുനൈദ് ഹഫീസിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ തീരുമാനം നീതിയ്ക്ക് നിരക്കുന്നതല്ലെന്നും പരിഹാസ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഹമ്മദ് നബിയെ അപമാനിയ്ക്കത്തക്ക നിലയില്‍ ഫെയിസ്ബുക്ക് കമന്റ് എഴുതിയെന്നതാണ് ജുനൈദ് ഹഫീസിനെതിരേ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണം.
പഠനത്തിലെ മികവിനു സ്വര്‍ണ്ണമെഡല്‍ നേടി ലാഹോര്‍ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠനം തുടങ്ങിയ ജുനൈദ് ലോകപ്രശസ്തമായ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ച് അമേരിക്കയിലാണ് പഠനം തുടര്‍ന്നത്. സാഹിത്യത്തിലുള്ള അടങ്ങാത്ത അഭിരുചികൊണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ മെഡിസിന്‍ പഠനം നിര്‍ത്തി സാഹിത്യം പഠിയ്ക്കാന്‍ മിസിസിപ്പി സര്‍വകലാശാലയില്‍ ചേര്‍ന്നു. സാ!ഹിത്യവും നാടകവും ഫൊട്ടൊഗ്രാഫിയും പഠിച്ച് ബിരുദാനന്ദരബിരുദവും നേടിയാണ് പാകിസ്ഥാനിലെ മുല്‍താനിലുള്ള ബഹൌദീന്‍ സക്കറിയ സര്‍വകലാശാലയിലെ അദ്ധ്യാപകനായത്.
സ്വന്തന്ത്രമായ ചിന്തകളുള്ള കവിയും കഥാകൃത്തുമായ ജുനൈദ് ഹഫീസ് പെട്ടെന്നുതന്നെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ജമാത്ത് തലബയുടേ കണ്ണിലെ കരടായി മാറി. ജമാ അത്തെ ഇസ്ലാമി ജുനൈദിനെതിരേ കാമ്പസില്‍ നോട്ടീസുകള്‍ വിതരണം ചെയ്യുകയും പലതവണ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയ്തു. അവസാനം ഏതോ രഹസ്യഫെയിസ്ബുക്ക് ഗ്രൂപ്പില്‍ മുഹമ്മദ് നബിയുടെ ഭാര്യമാരെപ്പറ്റി കമന്റ് ചെയ്തു എന്ന കുറ്റം ആരോപിച്ച് ജുനൈദിനെ തൂക്കിക്കൊല്ലണമെന്ന് പറഞ്ഞ് അവര്‍ സമരം ചെയ്യാന്‍ തുടങ്ങി. പോലീസ് ജുനൈദിന്റെ വീട് റെയ്ഡ് ചെയ്യുകയും മതനിന്ദയുള്ള പുസ്തകങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ‘പുരോഗമന മുസ്ലീങ്ങള്‍’ എന്ന പേരിലെ ഒരു പുസ്തകം സൂക്ഷിച്ചത് ഉള്‍പ്പെടേയുള്ള കാരണങ്ങളാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.
കേസ് വാദിക്കാന്‍ ഒരു വക്കീലിനെപ്പോലും ജുനൈദിനു ലഭിച്ചില്ല. ആദ്യം വാദിക്കാന്‍ മുന്നോട്ടുവന്ന വക്കീല്‍ വധഭീഷണികളെത്തുടര്‍ന്ന് കേസ് പാതിവഴിയില്‍ ഉപേക്ഷിച്ചു. രണ്ടാമത് കേസ് ഏറ്റെടുത്ത വക്കീലായ റാഷിദ് റഹ്മാന്‍ കേസ് ഏറ്റെടുക്കുമ്പോള്‍ത്തന്നെ ‘ഞാന്‍ മരണത്തിന്റെ ദൃംഷ്ടകളിലേക്കാണ് നടന്നുകയറുന്നത്’ എന്ന് ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്ത ദിവസം കേസ് വാദിക്കാനെത്തിയാല്‍ കൊന്നുകളയും എന്ന് വരെ കോടതിമുറിയില്‍ വച്ച് പോലും അയാളോട് എതിരാളികള്‍ ഭീഷണി മുഴക്കി. എന്നിട്ടും ജുനൈദിനു നീതിലഭിയ്ക്കാന്‍ കേസുമായി മുന്നോട്ടുപോയ റാഷിദ് റഹ്മാനെ കുറച്ചു ദിവസങ്ങള്‍ക്കകം ഓഫീസിനുള്ളില്‍ക്കയറി അജ്ഞാതര്‍ വെടിവച്ചുകൊന്നു. അവസാനം വിചാരണ നാടകങ്ങള്‍ക്കൊടുവില്‍ ജുനൈദ് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടു.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും ജുനൈദ് ഹഫീസ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിയ്ക്കയാണ്. അദ്ദേഹത്തിനു വേണ്ടി നിലകൊണ്ട വക്കീല്‍ പോലും കൊല്ലപ്പെട്ടു.
നൂ!റിലധികമാള്‍ക്കാരാണ് മതനിന്ദ ആരോപിക്കപ്പെട്ട് വധശിക്ഷ കാത്ത് ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലിലുള്ളതെന്ന് മനുഷ്യാവകാശക്കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്രസഭയിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടാലും മേല്‍ക്കോടതിയില്‍ ജുനൈദിനു നീതിലഭിയ്ക്കുമെന്ന പ്രതീക്ഷയൊന്നുമില്ല.
തന്റെ ജീവിതം അവസാനിയ്ക്കും മുന്‍പ് മറ്റുള്ളവരെ കഴിയും വിധം സഹായിയ്ക്കാനായി കിട്ടുന്ന സമയമെല്ലാം സഹതടവുകാരെ പഠിപ്പിക്കാനും, ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അവരോട് കലയുടേയും സാഹിത്യത്തിന്റേയും സാദ്ധ്യതകള്‍ മനസ്സിലാക്കിക്കുന്നതിനും സമയം ചിലവഴിയ്ക്കുകയാണ് ജുനൈദ് എന്നാണ് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പത്രപ്രവര്‍ത്തക അഫിയ സിയ എഴുതിയത്.













Discussion about this post