മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ ടിവി പ്രോഗ്രാമായ അനുപം ഖേര്‍ ഷോ കുഛ് ഭീ ഹോ സക്താ ഹെയുടെ സീസണ്‍ രണ്ട് ആഗസ്ത് രണ്ടുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഹിന്ദി വിനോദ ചാനലായ കളേഴ്‌സിലാണ് ഈ സംവാദ പരിപാടി സംപ്രേഷണം ചെയ്യുക. അനുപം ഖേര്‍ ഷോയുടെ സീസണ്‍ 1 രാജ്യത്തിനകത്തും പുറത്തുമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പ്രിയങ്ക ചോപ്ര, മാധുരി ദിക്ഷിത്, കജോള്‍, അനില്‍ കപൂര്‍, ഗുല്‍സാര്‍, സാനിയ മിര്‍സ, ഋഷി കപൂര്‍, ശ്രീദേവി തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധപതിപ്പിച്ചിട്ടുള്ളവരാണ് പരിപാടിയില്‍ അതിഥികളായി എത്തുക. യാതൊരു നാടകീയതയുമില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് ആദ്യ സീസണിന്റെ വിജയം. പ്രശസ്തര്‍ യാതൊരു വിധത്തിലുമുള്ള താരപരിവേഷമില്ലാതെയാണ് ഇതില്‍ പങ്കെടുക്കുക. അതുകൊണ്ടുതന്നെ പേരുപോലെ തന്നെ ഷോയില്‍ എന്തും സംഭവിക്കാം എന്നൊരു മുന്നറിയിപ്പും അതിഥികളായി എത്തുന്നവര്‍ക്ക് അനുപം ഖേര്‍ നല്‍കുന്നുണ്ട്. ഷോയുടെ അവതാരകനും നിര്‍മാതാവും അനുപം ഖേര്‍ തന്നെയാണ്. ബോളിവൂഡ് താരം ഷാരുഖ് ഖാനാണ് ഒന്നാം സീസണില്‍ ആദ്യം അഥിതിയായി എത്തിയത്. മുംബൈയിലാണ് ഷോയുടെ ചിത്രീകരണം.
Discussion about this post