ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാൻ പര്യടനം അനിശ്ചിതത്വത്തിൽ. പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം പിന്മാറിയതിന് പിന്നാലെയാണ് പാകിസ്ഥാനിലേക്കില്ലെന്ന് വ്യക്തമാക്കി ടീമിന്റെ പരിശീലകരും നിലപാടെടുത്തത്.
ബംഗ്ലാദേശ് ബാറ്റിംഗ് പരിശീലകൻ നീൽ മക്കെൻസി, ഫീൽഡിംഗ് പരിശീലകൻ റയാൻ കുക്ക് എന്നിവർ പാകിസ്ഥാനിലേക്ക് പോകുന്ന ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. പരിശീലകരുൾപ്പെടെ അഞ്ച് പേർ ഇല്ലാതെയായിരിക്കും ടീം പാക്കിസ്ഥാനിലേക്കു പോകുകയെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാൻ അറിയിച്ചു.
ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലകർക്ക് പിന്നാലെ ബൗളിംഗ് പരിശീലകൻ ഡാനിയൽ വെട്ടോറിയും ടീമിനൊപ്പം ഉണ്ടാകില്ല. ഇന്ത്യക്കാരനായ ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരൻ ടീമിനൊപ്പമുണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
താരങ്ങളും പരിശീലകരും കൂട്ടത്തോടെ പിന്മാറുന്നത് പരമ്പരയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. എന്നാൽ മുൻ നിശ്ചയിച്ച പോലെ തന്നെ പരമ്പര നടക്കുമെന്നാണ് ഇരു ക്രിക്കറ്റ് ബോർഡുകളും ആവർത്തിച്ച് വ്യക്തമാക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന പരമ്പരയിൽ മൂന്ന് ട്വെന്റി 20, രണ്ട് ടെസ്റ്റ്, ഒരു ഏകദിനം എന്നിവയാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ കളിക്കുക.
പാകിസ്ഥാനിൽ പര്യടനം നടത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേരെ ഭീകരാക്രമണം ഉണ്ടായ ശേഷം പാകിസ്ഥാനിൽ അന്തരാഷ്ട്ര മത്സരങ്ങൾ നടന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ പര്യടനം നടത്തിയിരുന്നെങ്കിലും പ്രമുഖ താരങ്ങളുടെ അഭാവത്താൽ പരമ്പര പരാജയമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ മടക്കി കൊണ്ട് വന്ന് പാകിസ്ഥാനിൽ വീണ്ടും ക്രിക്കറ്റ് വസന്തം കൊണ്ട് വരുമെന്ന് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അതത്ര എളുപ്പമാകില്ലെന്നാണ് അന്തരാഷ്ട്ര ടീമുകൾ നൽകുന്ന സൂചന.












