തിരുവനന്തപുരം: കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ 1793 പേർ നിരീക്ഷണത്തിൽ. കൊറോണ ബാധിത മേഖലകളിൽനിന്നുള്ള 322 പേർ കേരളത്തിൽ എത്തിച്ചേർന്നതായും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1471 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. രോഗലക്ഷണങ്ങളോടെ 21 പേരെയാണ് ശനിയാഴ്ച വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇവരിലാർക്കും ഗുരുതര ലക്ഷണങ്ങളില്ല. ആകെ 71 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി അറിയിച്ചു.
39 സാംപിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചതിൽ 24 പേരുടെ ഫലമാണ് ലഭിച്ചത്. ഇതിൽ തൃശൂരിലെ വിദ്യാർഥിയുടേത് മാത്രമാണ് പോസിറ്റീവ് കാണിച്ചത്. ഈ സാംപിൾ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
വൈറസ് ബാധയുടെ ഇൻക്യുബേഷൻ കാലഘട്ടം കഴിയുംവരെ സൂക്ഷ്മ നിരീക്ഷണം തുടരും. ഓരോ കേസിലും 28 ദിവസത്തെ നിരീക്ഷണം തുടരും. തൃശൂർ ജില്ലയിൽ ആശുപത്രിയിൽ 22 പേരും വീടുകളിൽ 133 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 29 പേരാണ് ശനിയാഴ്ച മുതൽ പുതിയതായി നിരീക്ഷണത്തിലുള്ളത്.
അതേസമയം കൊറോണ ബാധിതയായ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സന്ദേശം ഫോർവേഡ് ചെയ്തവർക്കെതിരെയും നടപടിയുണ്ടാകും. സൈബർ സെൽ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post