പിണറായി വിജയന്റെ നിലപാടുകളെ അക്കമിട്ട് വിമര്‍ശിച്ച് കുമ്മനം രാജശേഖരന്റെ മറുപടി
![Kummanam](https://braveindianews.com/wp-content/uploads/2015/03/Kummanam.jpg)
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ ബിജപി സഖ്യ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗ പിണറായി വിജയന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയില് ആര്‍എസ്എസ് നേതാവ് കുമ്മനം രാജശേഖരന്റെ മറുപടി ലേഖനം.
പിണറായി വിജയന്റെ ലേഖനത്തിലുള്ളത് നുണകളുടെ ഘോഷയാത്രയാണെന്ന് കുമ്മനം ആരോപിക്കുന്നു. പിന്നോക്ക വിഭാഗത്തെ സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഴവര്‍ ഉറച്ച് നില്ക്കുന്നുവെങ്കില് അമിത് ഷായെ വെള്ളാപ്പള്ളി നടേശന് ഡല്‍ഹിയില്‍ പോയി കണ്ടതിന്റെ പേരില്‍ എന്തിനാണ് പിണറായിക്ക് ആശങ്കയും അസ്വസ്ഥതയുമെന്ന് കുമ്മനം രാജശേഖരന് ചോദിക്കുന്നു.
ഹിന്ദു സമുദായത്തിലെ 75 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരും, മറ്റ് പിന്നോക്ക വിഭാഗക്കാരും അടങ്ങുന്ന ജനസമൂഹത്തിനൊപ്പം നില്ക്കാന് സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് കുമ്മനം അഭിപ്രായപ്പെടുന്നു. മിച്ചഭൂമി കണ്ടെത്തിയിട്ടും വിതരണം ചെയ്യാനാവാത്തതും, ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നല്‍കാനുളള ഹൈക്കോടതി വിധി മറികടക്കാന്‍ നിയമസഭ പാസാക്കിയ നിമയത്തെ ഗൗരിയമ്മ ഒഴികെ ഇടത്പക്ഷത്തുള്ളവരടക്കം എല്ലാവരും പിന്തുണച്ചതും കുമ്മനം ചൂണ്ടിക്കാട്ടുന്നു.
‘ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ അന്യാധീനപ്പെട്ടുപോയ ഭൂമിമുഴുവന്‍ പിടിച്ചെടുത്ത് ആദിവാസി സഹോദരങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ നിയമസഭ പാസ്സാക്കിയ നിയമത്തെ 140 എംഎല്‍എമാരില്‍ കെ.ആര്.ഗൗരിയമ്മയൊഴികെ ഇടതു വലത് മുന്നണികളിലെ എല്ലാവരും പിന്തുണച്ചിരുന്നു.സിപിഎം എംഎല്‍എ ആയിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണനും ഇതില്‍പ്പെടുന്നു.ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ‘കാട്ടാളന്’ എന്ന കവിതയെഴുതിയ കടമ്മനിട്ടയുടെ ഈ നടപടി കടുത്ത വഞ്ചനയാണെന്ന് വിമര്‍ശിക്കപ്പെടുകയുണ്ടായി. ‘കാട്ടാളന്’എന്ന കവിത റദ്ദായിരിക്കുന്നു എന്നാണ് കവി ബാലചന്ദ്രന് ചുള്ളിക്കാട് അന്ന് അഭിപ്രായപ്പെട്ടത്. ആദിവാസി സഹോദരങ്ങള്‍ക്കുവേണ്ടി അചഞ്ചലമായ പോരാട്ടങ്ങള്‍ നടത്തുകയും അവരുടെ ക്ഷേമത്തിന് വിപുലമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത അഭിമാനകരമായ ചരിത്രം ആര്‍എസ്എസിനും സഹോദര പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ ആദ്യമായി സമരരംഗത്തിറങ്ങിയത് കെ.ജി.മാരാരുടെ നേതൃത്വത്തില്‍ ആദിവാസി സംഘമാണ്. വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസി ഊരുകളില്‍ വൈദ്യസഹായമെത്തിക്കുന്നതിന് ആശുപത്രികള്‍ സ്ഥാപിച്ചും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും മുഴുവുന്സമയ ക്ഷേമപ്രവര്‍ത്തകരെ നിയോഗിച്ചും ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിവരുന്നവരെയാണ് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നവരാണെന്ന് പറഞ്ഞ് സിപിഎം അവഹേളിക്കുന്നത്.പശ്ചിമബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൃഷിഭൂമി തീറെഴുതിക്കൊടുത്തപ്പോള്‍ വഴിയാധാരമായ പാവപ്പെട്ട തൊഴിലാളി സഹോദരങ്ങള്‍ സിപിഎമ്മിനെതിരെ ഉജ്വലപോരാട്ടം നടത്തിയത് മറക്കാന്‍ സമയമായിട്ടില്ല.’-ലേഖനം പറയുന്നു.
മതന്യൂനപക്ഷങ്ങളെ രാഷ്ട്രീയത്തിലേക്ക് സ്വീകരിച്ചാനയിച്ചത് സിപിഎമ്മാണ്. 1967ലെ മന്ത്രിസഭയില്‍ അംഗമാക്കി ലീഗിന് ആദ്യമായി അധികാരം നേടികൊടുത്തതും അവരാണ്. വാണിജ്യരംഗത്തും മറ്റും ന്യുനപക്ഷ സമുദായങ്ങള്‍ക്ക് മേല്‍കൈ ഉണ്ടാക്കി കൊടുത്തത് സിപിഎം നിലപാടാണ്. വിനാശകരമായ ഈ ന്യൂനപക്ഷ പ്രീണനം ഇപ്പോള്‍ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നതില്‍ എത്തിനില്‍ക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
‘പിന്നാക്ക ജനവിഭാഗങ്ങളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളുടേയും ക്ഷേമത്തിനുവേണ്ടി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശചെയ്യുന്ന വിവിധ കമ്മറ്റികമ്മീഷന് റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സിപിഎം പാലോളി മുഹമ്മദ് കുട്ടി കമ്മറ്റിയുടെയും സച്ചാര്‍ കമ്മീഷന്റെയും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ശഠിക്കുന്നു.പട്ടികജാതി ലിസ്റ്റില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടിയുടെ പ്രീണനരാഷ്ട്രീയം ഉയര്‍ന്നു. 250 രൂപ ലംപ്സം ഗ്രാന്റ് വാങ്ങി പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ അടുത്തിരിക്കുന്ന മുസ്ലിംവിദ്യാര്ത്ഥിക്ക് 1000 രൂപ കൊടുക്കുന്നു. ഈ അസമത്വത്തിനും നീതികേടിനുമൊപ്പം നിലകൊള്ളുന്ന പിണറായി വിജയന് തങ്ങളാണ് പിന്നാക്കജനവിഭാഗങ്ങളുടെ വക്താക്കളെന്നും ബിജെപി പിന്നാക്കവിരുദ്ധരാണെന്നും പറയുന്നത് എത്ര പരിഹാസ്യമായിരിക്കുന്നു.’
ആര്‍എസ്എസ് സവര്ണമമേധാവിത്വത്തിനെതിരെയും എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടിനെതിരെയും പിണറായി വിജയന് എഴുതിയ ലേഖനത്തിന് ഗുരുനിന്ദകരുടെ ഗതികേട് എന്ന പേരിലാണ് കുമ്മനം മറുപടി നല്‍കിയിരിക്കുന്നത്. തുടര്ലേഖനമായാണ് കുമ്മനം പിണറായിയ്ക്ക് മറുപടി നല്‍കുന്നത്
Discussion about this post