ന്യൂഡൽഹി: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ദുരന്തത്തിൽ അൻപത്തിയാറ് പേരാണ് മരിച്ചത്. അതിൽ ഭൂരിഭാഗം പേരും പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവരാണ്. ഇരുനൂറിലധികം പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്നത്. നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.
ഈ ദുരന്തത്തെ ശക്തമായി അപലപിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസ് ഇതിൽ പാലിക്കുന്ന മൗനം ഞെട്ടിക്കുന്നതാണ്. സർക്കാർ ടാസ്മാക് കേന്ദ്രങ്ങൾ വഴി ഔദ്യോഗികമായി മദ്യം വിൽക്കുന്ന ഒരു സംസ്ഥാനത്താണ് ഈ അവസ്ഥയെന്ന് ഓർക്കണം. കേന്ദ്രമന്ത്രി പറഞ്ഞു.
കള്ളക്കുറിച്ചിയിലെ ദുരന്തത്തിന് കാരണം രാസവസ്തുക്കൾ കലർന്ന മദ്യമാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇപ്പോൾ എവിടെയാണ്? ദളിതർ വിഷമദ്യം കഴിച്ച് മരിക്കുമ്പോൾ അതിനെതിരെ ഒരു പ്രസ്താവന പോലും ഇവരുടെ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും ചേർന്ന ഇൻഡി സഖ്യമാണ് ഭരണം നടത്തുന്നത്. സംഭവത്തിൽ ഇൻഡി സഖ്യത്തിനെതിരെ നിശിതമായ വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ച് പ്രതിപക്ഷം എത്രയും വേഗം പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ മൗനമാചരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post