വയനാട് : വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. കടുവ കൊലപ്പെടുത്തിയ പശുക്കളുടെ ജഡവുമായി നടുറോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വയനാട്ടിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
വയനാട് കേണിച്ചിറയിലാണ് കഴിഞ്ഞ രണ്ടുദിവസമായി കടുവയുടെ ആക്രമണം രൂക്ഷമായിട്ടുള്ളത്. ഈ പ്രദേശത്തു നിന്നും നാല് പശുക്കളെ കടുവ ആക്രമിച്ചു. ഇവയിൽ മൂന്നെണ്ണം ചത്തു. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ തീരുമാനം ഫലപ്രദം അല്ലെന്നും മയക്കുവെടി വെച്ച് പിടികൂടണം എന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം കേണിച്ചിറയിൽ ആക്രമണം നടത്തുന്ന കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കി. തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് കേണിച്ചിറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. പത്ത് വയസ്സ് പ്രായമുള്ള കടുവയാണിത്. കടുവയെ പിടികൂടാനായി കൂടും നിരീക്ഷണ ക്യാമറകളും അടക്കമുള്ളവ സ്ഥാപിച്ചതായും വനം വകുപ്പ് വ്യക്തമാക്കി. എന്നാൽ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കുന്നത് വരെ ഉപരോധം തുടരുമെന്നാണ് നാട്ടുകാർ അറിയിക്കുന്നത്.
Discussion about this post