മുംബൈ : ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതയായി. മുംബൈയിലെ സഹീർ ഇക്ബാലിന്റെ വസതിയിൽ വെച്ച് ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരമാണ് ഇവർ വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് സോനാക്ഷിയും സഹീറും വിവാഹിതരാകുന്നത്.
വളരെ ലളിതമായ ചടങ്ങുകളോടെ നടത്തിയ വിവാഹത്തിൽ സോനാക്ഷിയുടെ പിതാവ് ശത്രുഘ്നൻ സിൻഹ അടക്കമുള്ള ഏതാനും അതിഥികൾ മാത്രമാണ് പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമായി മുംബൈയിലെ ഒരു റസ്റ്റോറന്റിൽ വച്ച് പാർട്ടി സംഘടിപ്പിക്കും എന്നും സോനാക്ഷി അറിയിച്ചു. വിവാഹത്തിന് തൊട്ടുപിന്നാലെ സോനാക്ഷി സിൻഹയ്ക്കും സഹീർ ഇഖ്ബാലിനും നിരവധി ബോളിവുഡ് താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു.
ഏഴു വർഷങ്ങൾക്ക് മുൻപ് നടൻ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും തമ്മിൽ പരിചയപ്പെടുന്നത്. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള താരമാണ് സോനാക്ഷി സിൻഹ. നോട്ട്ബുക്ക്, ഡബിൾ എക്സൽ എന്നീ ചിത്രങ്ങളിലൂടെയാണ് സഹീർ ഇഖ്ബാൽ ശ്രദ്ധേയനാകുന്നത്. മുംബൈയിലെ പ്രമുഖ സെലിബ്രിറ്റി ഹോട്ടലായ ബാസ്റ്റീനിൽ വച്ച് നടക്കുന്ന ഇരുവരുടെയും വിവാഹ റിസപ്ഷനിൽ സൽമാൻ ഖാൻ അടക്കമുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന.
Discussion about this post