തിരുവനന്തപുരം: നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നുഴഞ്ഞ് കയറ്റക്കാരാണ് . സിഎഎയ്ക്കെതിരെ മഹല്ല് കമ്മറ്റികളുടെ സമരത്തില്‍ അഴര്‍ നുഴഞ്ഞ് കയറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ സമരം വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്. അക്രമം ഉണ്ടായാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല കേരള സര്‍ക്കാര്‍ പിന്തുടരുന്നത്.നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ അക്രമ സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാറിന് കണ്ണടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നുവെന്ന കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സി.എ.എക്കെതിരായ പ്രക്ഷോഭങ്ങളെ സര്‍ക്കാറോ മറ്റ് ഏജന്‍സികളോ നിരുത്സാഹപ്പെടുത്തുന്നില്ല. സമാധാപരമായി പ്രക്ഷോഭങ്ങള്‍ നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്. സി.എ.എക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം ബഹളം വച്ചു. പ്രതിപക്ഷത്തിന് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post