അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ. സെമിഫൈനലിൽ 10 വിക്കറ്റിന് ആണ് പാകിസ്ഥാനെ തകർത്തത്. ഇതോടെ ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിൽ എത്തുന്നത്. ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡ് ബംഗ്ലാദേശ് വിജയികളെ നേരിടും. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 172 റണ്‍സാണ് എടുത്തത്.
പാകിസ്ഥാന് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയ ലക്ഷ്യം യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറിയുടെയും ദിവ്യാംശ് സക്സേനയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. മറുവശത്ത് ഓപ്പണര്‍ ഹൈദര്‍ അലിക്ക് കൂട്ടായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി റുഹൈല്‍ നസീര്‍ വന്നതോടെയാണ് പാക് ബാറ്റിങ്ങിന് പിടിച്ചുനില്‍ക്കാനായത്. 77 പന്തില്‍ 56 റണ്‍സുമായി ഹൈദര്‍ അലി കരയ്ക്കു കയറിയതോടെ പാക് ബാറ്റിങ്ങ് വീണ്ടും പടുകൂഴിയിലായി. ക്വാസി അക്രം ഒമ്പത് റണ്‍സിന് റണ്ണൗട്ടുമായി. പക്ഷേ, അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് ഹാരിസ് ക്യാപ്റ്റന്‍ കൂട്ടായി വന്നതോടെ പാക് ഇന്നിങ്സ് പിടഞ്ഞെഴുന്നേല്ക്കുമെന്ന് തോന്നിച്ചു. 15 പന്തില്‍ ഒന്നുവീതം സിക്സറും ബൗണ്ടറിയും പായിച്ച് മുഹമ്മദ് ഹാരിസ് കത്തിക്കാളുന്നതിനിടെയാണ് അഥര്‍വ അങ്കോല്ക്കറെ അനാവശ്യമായി ഉയര്‍ത്തിയടിച്ച ഹാരിസിനെ ഗംഭീരമായ ക്യാച്ചിലൂടെ സക്സേന പിടികൂടിയത്.
മൂന്ന് റണ്‍സെടുത്ത ഇര്‍ഫാന്‍ ഖാന്റെ കുറ്റി കാര്‍ത്തിക് ത്യാഗി തെറുപ്പിച്ചു. അബ്ബാസ് അഫ്രീദിയെ (2) രവി ബിഷ്ണോയി വിക്കറ്റിനു മുന്നില്‍ കുടുക്കി.
വിക്കറ്റ് മുറതെറ്റാതെ വീണുകൊണ്ടിരിക്കുമ്പോഴും അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് പിടിച്ചുനിന്ന ക്യാപ്റ്റന്‍ റുഹൈല്‍ നസീര്‍ 102 പന്തില്‍ 62 റണ്‍സുമായി എട്ടാമനായി പുറത്തായതോടെ പാക് ചെറുത്തുനില്‍പ്പ് തീര്‍ത്തും ദുര്‍ബലമായി. നസീര്‍ ഉയര്‍ത്തിയടിച്ച സുശാന്ത് മിശ്രയുടെ പന്ത് തിലക് വര്‍മയുടെ കൈയില്‍ ഭദ്രമായി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ വെറും മൂന്ന് റണ്‍സിനിടയില്‍ ഇന്ത്യ എറിഞ്ഞിട്ടു.
സുശാന്ത് മിശ്ര മൂന്നും കാര്‍ത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.
Discussion about this post