പനജി: ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവാണെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ആത്മാവ് നഷ്ടമായാൽ ദേഹം മൃതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടക്കുന്ന ആർ എസ് എസ് പഠന ശിബിരത്തിന്റെ രണ്ടാം ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുസ്തകത്തെ മാത്രം പിന്തുടരുകയും ഒരു ദൈവത്തിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന വിഭാഗത്തെയാണ് സമുദായം എന്ന് പറയുന്നത്. ഒരു ഹിന്ദുവിന് ഒരിക്കലും വർഗ്ഗീയമായി ചിന്തിക്കാൻ കഴിയില്ലെന്നും ഒരു ദൈവത്തിന് മാത്രം ക്ഷേത്രം നിർമ്മിച്ചാൽ മതിയെന്ന് ഹിന്ദു ചിന്തിച്ചാൽ അവിടെ ഹിന്ദുത്വം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആരാധനാ വ്യത്യാസങ്ങൾക്കും ഉപരിയായി നാമെല്ലാവരും ഭാരതാംബയെ ആദരിക്കാൻ തയ്യാറാകണം. ഭാരതം കാലങ്ങാളായി ഹിന്ദു രാഷ്ട്രമായി തുടരുകയാണ്. അതിനെ എല്ലാ ദിവസം ശക്തിപ്പെടുത്തുകയാണ് സംഘം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീസമത്വം എന്ന ആശയത്തിൽ മാത്രം ചർച്ച ഒതുക്കി നിർത്തുന്നതിന് പകരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പ് വരുത്തുവാൻ നമുക്ക് കഴിയണം. നമ്മുടെ സമൂഹത്തിലെ കുട്ടികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും അവരവരുടേതായ കടമകൾ നിർവ്വഹിക്കാൻ സാധിക്കണം. സ്ത്രീ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന് മാത്രമാണ് മികച്ച മാതൃകകൾ സൃഷ്ടിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ ഭരണഘടനയിൽ പറയുന്ന കടമകളും നിറവേറ്റാൻ തയ്യാറാകണമെന്നും ഇവ രണ്ടും കൃത്യമായി നിറവേറിയാൽ മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ സാധുക്കൂവെന്നും സുരേഷ് ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.
Discussion about this post