പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ‘ബോലോ തഖ്ബീര്‍’ മുഴക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീവ്രവാദ മുസ്ലിം സംഘടനകള്‍ സമരക്കാരെ കൊണ്ട് ബോലോ തഖ്ബീര്‍ വിളിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുസ്‌ലിം വിഭാഗത്തിനിടയില്‍ എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്‌ലാമിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ ഇങ്ങനെ
‘ബിജെപിയും ആര്‍എസ്എസും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് നേതൃത്വം നല്‍കുന്നത് എസ്ഡിപിഐയും, ജമാ അത്തെ ഇസ്ലാമിയുമാണ്. ഇവര്‍ രണ്ട് കൂട്ടരും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വേണ്ടി തന്നെയാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്ത തന്നെയാണ് ഇവരെ നയിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാ അത്തെ ഇസ്ലാമി നില കൊള്ളുന്നു. മതത്തെ ഭീകരതയ്ക്കുള്ള ആയുധമാക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ജയ് ശ്രീറാം വിളിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. പലയിടത്തും ബോലോ തകബീര്‍ വിളിപ്പിക്കാന്‍ മുസ്ലിം തീവ്രവാദികള്‍ മുന്‍കൈ എടുക്കുന്നു”- തീവ്രവാദത്തിനെതിരെ വിശാല ഐക്യം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ എസ്ഡിപിഐയും, ജമാ അത്തെ ഇസ്ലാമിയും ഒഴിച്ചുള്ള എല്ലാ സംഘടനകളുമായും ബന്ധമുണ്ടെന്നും കോടിയേരി പറഞ്ഞു. മുസ്ലിം ലീഗിനെ സമരത്തില്‍ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുമ്പ് ഞങ്ങളുമായി സഹകരിക്കാതിരുന്ന ഇ.കെ സുന്നി വിഭാഗം ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. മുജാഹിദ് വിഭാഗവും ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് തന്നെയാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കമ്യൂണിസ്റ്റ് വിരുദ്ധതക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്നും ഇരുവരെയും സിപിഎമ്മില്‍ നിന്നും പുറത്താക്കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതാദ്യമായാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. ഇരുവരെയും ഏരിയാ കമ്മറ്റി പുറത്താക്കി. ജില്ല കമ്മറ്റി ഇത് ശരിവെച്ചു
ഇരുവരും ഒരേസമയം സിപിഎമ്മിലും, മറ്റൊരു സംഘടനയിലും പ്രവര്‍ത്തിച്ചു. ഇവര്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു. ഇപ്പോഴവര്‍ സിപിഎമ്മുകാരല്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നേരത്തെ അലന്‍ ഷുഹൈബിനും, താഹയ്ക്കും അനുകൂലമായ കോഴിക്കോട് ജില്ല കമ്മറ്റി രംഗത്തെത്തിയിരുന്നു. ഇതിന് പൂര്‍ണമായി തള്ളുന്നതാണ് കോടിയേരിയുടെ നിലപാട്.
പോലിസിന്റെ വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തന്റെ ഭരണകാലത്തും ചിലപ്പോള്‍ അങ്ങനെ സംഭവിച്ചിരിക്കാം. അത് വലിയ സംഭവമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
‘പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പോലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക’ -കോടിയേരി പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് ഭരണകാലത്തെ നടപടികളും പരാമര്‍ശിക്കുന്നുണ്ട്. 201318 വരെയുള്ള നടപടികളിലാണ് റിപ്പോര്‍ട്ടിലുള്ളത്. നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണം. സി.എ.ജിയില്‍ നിന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post