തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ബിനാമിയായ എം.രാജേന്ദ്രനെ മുന്‍നിര്‍ത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ആകെ നാല് പ്രതികളാണുള്ളത്. ശിവകുമാറിനെ കൂടാതെ ശിവകുമാറിന്റെ ബിനാമികള്‍ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രന്, ഡ്രൈവര്‍ ഷൈജു ഹരന്, സുഹൃത്ത് അഡ്വ. എന്‍.എസ്. ഹരികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
എംപി, എംഎല്‍എ, മന്ത്രി പദവികള്‍ ദുരുപയോഗം ചെയ്തു ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന വിജിലന്‍സിനു ലഭിച്ച പരാതിയിലാണ് നടപടി.
ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ആഭ്യന്തരസെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.
മന്ത്രിയായിരിക്കെ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതില്‍ നാലു പേര് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നു വിജിലന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ 1988-ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നല്‍കിയത്.
Discussion about this post