ഡല്‍ഹി: ഒരാഴ്ചയ്ക്കകം അവയവദാനനയം അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നന്ദ അറിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമഗ്രമായ നയമായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് അദേഹം പറഞ്ഞു. നയ രൂപീകരണത്തിനായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടും. അവയവ ദാനത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികളും നയത്തിന്റെ ഭാഗമായി ഉണ്ടാകും.
പ്രതിവര്‍ഷം 2.5 ലക്ഷം അവയവ ദാതാക്കളാണ് ആവശ്യമുള്ളത്. എന്നാല്‍ ഇതില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് അവയവങ്ങള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമഗ്രമായ അവയവ ദാന നയം രൂപീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മസ്തിഷ്ഷ മരണം സ്ഥിരീകരിച്ച 411 പേരുടെ ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായി. ഇതിലൂടെ 720 പേരുടെ വൃക്ക മാറ്റിവച്ചു. 354 പേരില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 54 പേര്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 16 പേരില്‍ ശ്വാസകോശവും മാറ്റിവച്ചു.
മോഹന്‍ ഫൗണ്ടേഷന് എന്ന എന്‍.ജി.ഒ സംഘടന നടത്തിയ പഠനം അനുസരിച്ച് പ്രതിവര്‍ഷം 1,75000 പേര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമ്പോള്‍ 5000 പേര്‍ക്ക് മാത്രമാണ് മാറ്റിവയ്ക്കാന്‍ ആവശ്യമായ കിഡ്നി ലഭിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച രോഗികളെ കണ്ടെത്തുന്നതിലെ വെല്ലുവിളിയും അവയവദാനം ചെയ്യുന്നത് സംബന്ധിച്ച ബോധവത്കരണത്തിന്റെ അഭാവവും അവയവ ദാതാക്കളെ കണ്ടെത്തുന്നതിന് വിഘാതമാകുന്നു. സമഗ്രമായ അവയവ ദാന നയത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Discussion about this post