ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിക്കുക ഡൽഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിൽ.ചാണക്യപുരിയിലെ ഹോട്ടലിൽ, 4500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഏറ്റവും മികച്ച ചാണക്യ സ്യൂട്ട് ആയിരിക്കും അമേരിക്കൻ പ്രസിഡണ്ടിനും പ്രഥമവനിതയ്ക്കും തങ്ങുവാൻ ഇന്ത്യൻ സർക്കാർ ഒരുക്കുക.ജോർജ്ജ് ബുഷ്, ടോണി ബ്ലെയർ, ദലൈലാമ, വ്ലാഡിമിർ പുടിൻ, കിങ് അബ്ദുല്ല, ബ്രൂണൈ സുൽത്താൻ തുടങ്ങിയ ഉന്നതരാണ് ഒരു രാത്രിക്ക് 8 ലക്ഷം രൂപ വില വരുന്ന ഈ സ്യൂട്ടിൽ ഇതിനു മുൻപ് താമസിച്ചിട്ടുള്ളത്. ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്ലോറിലാണ് ചാണക്യ സ്യൂട്ട്.
ഇരുവരേയും സ്വീകരിക്കാനായി ഇന്ത്യൻ ആചാരപ്രകാരം, നിറങ്ങൾ കൊണ്ട് നിലത്ത് ‘രംഗോലി’ കളമൊരുക്കും.ഭിത്തികൾ മുഴുവൻ,തയ്യബ് മേത്തയുടെ അർത്ഥശാസ്ത്രത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കും. ‘ബുഖാര’ എന്നറിയപ്പെടുന്ന ഐടിസി മൗര്യയിലെ റസ്റ്റോറന്റ്, ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ റസ്റ്റോറന്റാണ്.പ്രമുഖ ഉത്തരേന്ത്യൻ വിഭവമായ ദാൽ ബുഖാരയുടെ ഏറ്റവും രുചികരമായ പതിപ്പ് ബുഖാര റസ്റ്റോറന്റിലാണ് ലഭിക്കുക.
ഡൊണാൾഡ് ട്രംപിന്റെ ദൗർബല്യങ്ങളായ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും, പ്രസിഡണ്ടിനെ സ്വീകരിക്കാൻ ഒരുക്കുന്ന ‘ട്രംപ് പ്ലാറ്റർ’ മെനുവിൽ, എന്തെല്ലാം വിഭവങ്ങളുണ്ടെന്ന് ഹോട്ടൽ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 24 തിങ്കളാഴ്ച, കാലത്ത് അഹമ്മദാബാദിൽ വിമാനമിറങ്ങുമെങ്കിലും, വൈകുന്നേരത്തോടെയായിരിക്കും ഡൊണാൾഡ് ട്രംപും പത്നി മെലനിയ ട്രംപും ഹോട്ടലിൽ എത്തുക.
Discussion about this post