പാകിസ്ഥാനിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ വെട്ടുകിളി ആക്രമണം ഇന്ത്യയേയും ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സംഘടന.വെട്ടുകിളികളുടെ ആക്രമണം പാകിസ്ഥാനിലെ അതിർത്തിഗ്രാമങ്ങളിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
അഹമ്മദാബാദിലെ മിയാൽ ഗ്രാമത്തിൽ ഈ വർഷത്തിന്റെ തുടക്കത്തിൽ വെട്ടുകിളി ബാധ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ആക്രമണത്തിൽ നശിച്ചുപോയിരുന്നു. ആഫ്രിക്കയിൽ നിന്നും ആരംഭിച്ച വെട്ടുകിളി ബാധ പാകിസ്ഥാനിലെ കാർഷികവ്യവസ്ഥ തകർത്തതിനെ തുടർന്ന് പാകിസ്ഥാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിലും ഉണ്ടാകുമെന്നാണ് കാർഷിക വിദഗ്ധർ വിലയിരുത്തുന്നത്.ജനുവരിയിൽ രാജസ്ഥാനിലും ഗുജറാത്തിലും ഉണ്ടായ വെട്ടുകിളി ആക്രമണത്തിൽ, ആകെ മൊത്തം മൂന്നു ലക്ഷം ഹെക്ടർ കൃഷി നശിച്ചു പോയിരുന്നു.
വരാൻ പോകുന്ന വേനൽക്കാലത്തെ ഖാരിഫ് വിളകളെ, ആക്രമണം ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ കാർഷിക രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥന്മാർ വെളിപ്പെടുത്തുന്നുണ്ട്.എങ്കിലും, വൻതോതിൽ ഒരു ആക്രമണമുണ്ടായാൽ അത് നിയന്ത്രിക്കാൻ കൂറ്റൻ സ്പ്രേയർ വിമാനങ്ങൾ ഇല്ലാത്തത് ഇന്ത്യക്ക് വെല്ലുവിളിയാകും എന്നാണ് വിദഗ്ധർ പറയുന്നത്.












