കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ വിവാദത്തിലായതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യനാട് ബാങ്ക് ഡയറക്ടര്‍ വി.എ.സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേര് കണ്ടെത്തി. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
സിയാദിന്റെ സഹോദരന് ആത്മഹത്യാക്കുറിപ്പ് തൃക്കാക്കര പൊലീസിന് കൈമാറി.
കളമശേരി സിപിഐഎം ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സിയാദ് കുറിപ്പില്‍ പറയുന്നത്. ലോക്കല്‍ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ.എ ജയചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്.
സക്കീര്‍ ഹുസൈന് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇല്ലാത്ത ആരോപണങ്ങള്‍ നടത്തി ജയചന്ദ്രന് തന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെ.പി.നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരുത്തുകയാണ്. മാനസിക പിരിമുറുക്കം സഹിക്കാനാവാതെ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ഡയറിയിലെ കുറിപ്പില്‍ പറയുന്നു.
പ്രളയദുരിതാശ്വാസ തട്ടിപ്പില്‍ പെട്ട ബാങ്കിന്റെ ഭരണസമതി അംഗമായിരുന്ന സിയാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ബന്ധുക്കള്‍ക്ക് ലഭിച്ച ഡയറിക്കുറിപ്പ് ഉടനെ പൊലീസിനെ ഏല്പിക്കുകയും പൊലീസ് ഇത് മഹസറിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post