ഡൽഹി: ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൂർച്ചയേറിയതും മൂർച്ചയില്ലാത്തതുമായ ആയുധങ്ങൾ കൊണ്ടുള്ള ക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് അങ്കിത് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശങ്ങൾക്കും തലച്ചോറിനും ഏറ്റ മാരകമായ മുറിവുകളാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതരമായ മുറിവുകൾ ഉണ്ടായി. തുടർന്നുണ്ടായ രക്തസ്രാവം മരണത്തിലേക്ക് നയിക്കുകയായിരുന്നു. മരണത്തിന് മുൻപ് ദേഹമാസകലം മൂർച്ച കുറഞ്ഞ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ചിരുന്നു. ശ്വാസകോശവും തലച്ചോറും തകർക്കപ്പെടുമ്പോഴും അങ്കിതിന് ജീവനുണ്ടായിരുന്നുവെന്നും കൊടിയ വേദനകൾക്കൊടുവിലായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം അങ്കിത് ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൽമാൻ എന്ന പ്രതിയെ ഡൽഹി കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അങ്കിത് ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റെ പേരിലും ബന്ധുക്കൾ പരാതി ഉന്നയിക്കുന്നുണ്ട്. താഹിർ ഹുസൈന്റെ വീടിന് സമീപത്തെ അഴുക്കുചാലിൽ നിന്നായിരുന്നു അങ്കിതിന്റെ മൃതദേഹം കണ്ടെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ അങ്കിത് ശർമ്മയും ഹെഡ് കോൺസ്റ്റബിൽ രത്തൻ ലാലും അടക്കം 53 പേർ കൊല്ലപ്പെട്ടിരുന്നു. കുറ്റവാളികൾക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post