ജമ്മു: 1990ൽ കശ്മീരിൽ നിരായുധരായ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ യാസിൻ മാലിക് കുരുക്കിൽ. ഇയാളെ വിചാരണ ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ജമ്മു ടാഡ കോടതി വ്യക്തമാക്കി. നിരോധിത ഭീകരസംഘടനയായ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ യാസിൻ മാലിക്കിനെതിരെ കേസ് ചാർജ് ചെയ്യാൻ കോടതി അനുമതി നൽകും.
തന്റെ ഭർത്താവിന്റെ ശരീരത്തിലേക്ക് യാസിൻ മാലിക് 27 വെടിയുണ്ടകൾ പായിച്ചതായി ആക്രമണത്തിൽ വീരമൃത്യു വരിച്ച സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ നിർമ്മൽ കുമാരി വ്യക്തമാക്കിയിരുന്നു. മൂന്ന് ദശാബ്ദക്കാലമായി തങ്ങൾ നീതിക്ക് വേണ്ടി പോരാടുകയായിരുന്നുവെന്നും ഇപ്പോൾ മാത്രമാണ് തങ്ങൾക്ക് ആശ്വാസകരമായ വാർത്തകൾ വന്നു തുടങ്ങിയതെന്നും അവർ പറഞ്ഞിരുന്നു.
മുൻ കാലങ്ങളിൽ രാജ്യം ഭരിച്ച കോൺഗ്രസ്സ് സർക്കാരുകളെയും കശ്മീർ സർക്കാരുകളെയും സൈനികരുടെ കുടുംബങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. വിചാരണ പരമാവധി വൈകിപ്പിക്കാൻ പ്രതികളെ സഹായിച്ചത് മുൻ കാല ഭരണകൂടങ്ങളുടെ കഴിവില്ലായ്മയായിരുന്നുവെന്നും പഴയ സർക്കാരുകൾ ടാഡ കോടതിക്ക് ആവശ്യമായ സംരക്ഷണം നൽകുന്ന കാര്യത്തിൽ പരാജയമായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ പവിതാർ സിംഗ് ആരോപിച്ചിരുന്നു. യാസിൻ മാലിക് രാഷ്ട്രീയ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post