Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഒരാളെ പോലും വെറുതെ വിടില്ല’;പ്രതിപക്ഷത്തിന്റെ വായടപ്പിച്ച അമിത് ഷായുടെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

by Brave India Desk
Mar 15, 2020, 12:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

IN FACEBOOK-മണികണ്ഠന്‍ ഒ.വി

ഡല്‍ഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.

Stories you may like

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഈ സഭ ഡല്‍ഹിയില്‍ അടുത്ത സമയത്ത് ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ആ സമയത്തെ ക്രമസാധന നിലയെ കുറിച്ച് ചര്‍ച്ച ചെയ്യുക ആണ്. ചര്‍ച്ച ആരംഭിച്ചു കൊണ്ട് സംസാരിച്ചത് ശ്രീ കപില്‍ സിബില്‍ ആണ്. തുടര്‍ന്ന് ശ്രീ ഡെറിക് ഒബ്‌റോയ്, ശ്രീ ബാലസുബ്രഹ്മണ്യം,ശ്രീ ജാവേദ് അലി ഖാന്‍, ശ്രീ പ്രസന്ന് ആചാര്യ, ബൃന്ദാ പ്രകാശ്, ശ്രീ കരീം, ശ്രീ തിരുച്ചി ശിവ, ശ്രീ തപന്‍ദാസ് ഗുപ്ത, ശ്രീ നരേഷ് ഗുജ്‌രാള്‍, ശ്രീ അശോക് സിദ്ധാര്‍ത്ഥ്, ശ്രീ ആനന്ദ് ശര്‍മ്മ, ശ്രീ വിജയ് ഗോയല്‍, ശ്രീ മനോജ് ഝാ, ശ്രീ സഞ്ജയ് സിങ്, ശ്രീ പ്രകാശ് ജാവഡേക്കര്‍, ശ്രീ അബ്ദുള്‍ വഹാബ്, മുതിര്‍ന്ന അംഗം ശ്രീ വൈക്കൊ, ശ്രീ ഭൂപേന്ദ്ര യാദവ്, ശ്രീ ബിനോയ് വിശ്വം, ശ്രീ അമര്‍ പട്‌നായക് എന്നിവര്‍ ഈ ചര്‍ച്ചയെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനു ഈ സഭയില്‍, ഈ സഭിയിലെ അംഗങ്ങളിലൂടെ രാജ്യത്തിനു മുന്‍പാകെ വയ്ക്കുന്നതിനുള്ള ശ്രമം നടത്തി.

ആദ്യമായി ഞാന്‍ ഏറ്റവും ദൗര്‍ഭാഗ്യപൂര്‍ണ്ണമായ ഈ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍, സ്വത്ത് നഷ്ടപ്പെട്ടവര്‍, മുറിവേറ്റവര്‍ എന്നിവരോടെല്ലാം എന്റെ വ്യക്തിപരമായ പേരിലും സര്‍ക്കാരിന്റെ പേരിലും ഉള്ള അനുശോചനം ഈ സഭയില്‍ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കൂടാതെ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍, കലാപത്തിനു കാരണമായവര്‍, കലാപത്തിനുള്ള ഗൂഢാലോചന നടത്തിയവര്‍, അവര്‍ ഏത് ജാതിയില്‍ പെട്ടവരായാലും ഏത് വിശ്വാസത്തില്‍ പെട്ടവരായാലും ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും അവരെ വെറുതെ വിടുകയില്ലെന്ന് ഈ സഭയ്ക്കും സഭയിലൂടെ ഈ രജ്യത്തെ ജങ്ങള്‍ക്കും ഉറപ്പു നല്‍കുന്നു. കുറ്റവാളികള്‍ എന്ന് കണ്ടെത്തുന്നവര്‍ ആരായാലും അവരെ സമഗ്രമായ ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തോടെ കോടതിയുടെ മുന്‍പില്‍ എത്തിക്കുകയും, കോടതികള്‍ അവരെ ശിക്ഷിക്കുന്നത് വരെ അന്വേഷണ ഏജന്‍സികള്‍ ഗൗരവമായും വിട്ടിവീഴ്ച ഇല്ലാതെയുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ഭരണഘടനയേയും ഐപിസിയേയും സിആര്‍പിസിയേയും കുറിച്ചുള്ള ഭയം ഇത്തരം കലാപങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അവരുടെ മനസ്സില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനു ഇത്തരം ഒരു നടപടി ആവശ്യമാണ്.

ഞാന്‍ എല്ലാ അംഗങ്ങളുടേയും പ്രസംഗം കേട്ടിട്ടുണ്ട്. അതില്‍ മിക്കവാറും എല്ലാ അംഗങ്ങളും ഉന്നയിച്ച ഒരു ചോദ്യം ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇത്രയും കാലതാമസം വരുത്തി എന്നതാണ്. ഇരുപത്തി അഞ്ചാം തീയതി കലാപങ്ങള്‍ അവസാനിച്ചു. രണ്ടാം തീയതി മുതല്‍ സഭ സമ്മേളനം ആരംഭിച്ചു. എന്തുകൊണ്ട് അടിയന്തിരമായി ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തില്ല? അത് ചോദിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ട്. ആ ചോദ്യത്തിനു ഉത്തരം നല്‍കേണ്ടത് എന്റെ കടമയാണ് ചുമതലയാണ്. ഞാന്‍ ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. കലാപത്തെ കുറിച്ചുള്ള ആദ്യവിവരം പുറത്തുവരുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്. അവസാനത്തെ വിവരം ഇരുപത്തി ആറാം തീയതി രാത്രി പതിനൊന്ന് മണിയ്ക്കാണ്. സിബില്‍ സാഹബ് ഈ വിഷയം ഉന്നയിച്ചുട്ടുണ്ട് അതിനു ഞാന്‍ പിന്നീട് മറുപടി നല്‍കുന്നതാണ്. എന്നാല്‍ രേഖകളെ അടിസ്ഥാനമാക്കി ഞാന്‍ പറയുന്നത് ഇരുപത്തി ആറിനു രാത്രി 11 മണിയ്ക്കാണ് അവസാനത്തെ വിവരം വന്നിട്ടുള്ളത്. രണ്ടാം തീയതി സഭ ആരംഭിക്കുമ്പോള്‍ കലാപങ്ങള്‍ അവസാനിച്ചിരുന്നു. കലാപങ്ങളെ തുടര്‍ന്ന് റോഡുകള്‍ ശുചിയാക്കുക, കലാപബാധിതരുടെ പുനഃരധിവാസം നടത്തുക എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിച്ചു വരുകയായിരുന്നു. കലാപം നടന്നുകൊണ്ടിരിക്കുകയും, അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരിലെങ്കിലും നിന്നും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു എങ്കില്‍ ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ കലാപം അവസാനിച്ചിരുന്നു, പോലീസുകാര്‍ കലാപത്തില്‍ പങ്കെടുത്തവരേയും അതിനുള്ള ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ പരിക്കേറ്റവരെ പരിചരിക്കുന്ന തിരക്കില്‍ ആയിരുന്നു, കൂടാതെ ഹോളിയുടെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഹോളിയുടെ സമയത്ത് ഈ രാജ്യത്ത് മുന്‍പ് പലപ്പോഴും കലാപങ്ങള്‍ ഉണ്ടായിട്ടൂണ്ട്. ഹോളി സാഹോദര്യത്തിന്റേയും ഉത്സവമാണ്. അതുകൊണ്ട് ഹോളിയുടെ സമയത്ത് ഒരു ഭാഗത്തു നിന്നും വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന പ്രസ്താവനകള്‍, നടപടികള്‍ ഒന്നും ഉണ്ടാവാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് പതിനൊന്നും പന്ത്രണ്ടും തീയതികളില്‍ ഈ വിഷയം രണ്ട് സഭകളിലും ചര്‍ച്ചചെയ്യാം എന്ന് ഞങ്ങള്‍ പറഞ്ഞത്. പതിനൊന്നാം തീയതി ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാം പന്ത്രണ്ടാം തീയതി രാജ്യ സഭയില്‍ ചര്‍ച്ചചെയ്യാം. അല്ലാതെ ഇതിനു പുറകില്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു തന്ത്രവും ഉണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല. കാരണം ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണം എന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. സഭ എപ്പോളാണോ ചേരുന്നത് ആ സമയത്ത് ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനും ഞങ്ങള്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ മുഖാന്തരം പാര്‍ലമെന്റിന്റെ കാര്യോപദേശകസമിതിയിലും സര്‍വ്വകക്ഷി നേതാക്കളുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങിലും നിര്‍ദ്ദേശം വച്ചിരുന്നു. അതുകൊണ്ട് ഈ ചര്‍ച്ച നടത്തുന്നതില്‍ ഞങ്ങള്‍ മനഃപൂര്‍വ്വമായ കാലവിളംബം വരുത്തി, ഞങ്ങള്‍ക്ക് എന്തൊക്കയോ മറക്കാനുണ്ടായിരുന്നു എന്നൊക്കെ ഉള്ള സന്ദേഹം ഒരു തരത്തിലും ഉണ്ടാകരുത്. അങ്ങനെ ഒന്നും ഇല്ല. ജനാധിപത്യത്തില്‍ ഭാരതത്തില്‍ നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ഈ ഘട്ടത്തില്‍ ഒരു കാര്യവും ആരില്‍ നിന്നും മറച്ചു വയ്ക്കാന്‍ സാധികില്ല.കുറഞ്ഞപക്ഷം എന്തെങ്കിലും മറയ്ക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കില്ല എന്ന പൂര്‍ണ്ണ ബോധ്യം എനിക്ക് ഉണ്ട്. അതുകൊണ്ട് ആരില്‍ നിന്നെങ്കിലും ഒളിച്ചോടണം എന്ന് പ്രശ്‌നം ഉദിക്കുന്നില്ല. കലാപം വീണ്ടും ഉണ്ടാകാതിരിക്കുന്നതിനും, കലാപകാരികളെ പിടികുന്നതിനു പോലീസിന്റെ ശ്രദ്ധ പൂര്‍ണ്ണമായും ആ വിഷയത്തില്‍ ആവശ്യമായതിനാലും കലാപത്തില്‍ അകപ്പെട്ടവരുടെ ചികിത്സയ്ക്കും പുനഃരധിവാസം പെട്ടന്ന് സാധ്യമാക്കുന്നതിനു സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതു കൊണ്ടും അല്പം സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചര്‍ച്ചകള്‍ അല്പം നീട്ടിവച്ചത്.

രണ്ടാമത്തെ പ്രധാന പ്രശ്‌നം ഉന്നയിച്ചത് കലാപം നടക്കുമ്പോള്‍ അത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നതാണ്? ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം കുറ്റക്കാരാക്കുമോ? നിരപരാധികളായവരെ കുടവാളികള്‍ ആക്കുമോ? നിങ്ങള്‍ക്ക് ശത്രുതയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകുമോ? ഇങ്ങനെ പല വിധത്തിലും ഉള്ള ആശങ്കകള്‍ സഭാംഗങ്ങളുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ടു. ആദ്യമായി ഇതുവരെ എടുത്ത നടപടികള്‍ അംഗങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കലാപങ്ങള്‍ക്ക് ശേഷം ഇതുവരെ എഴുന്നൂറില്‍ അധികം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ആരെല്ലാം പരാതി നല്‍കിയിട്ടുണ്ടോ അതിലെല്ലാം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് ഒരു എതിര്‍പ്പും പറഞ്ഞിട്ടില്ല. കപില്‍ സിബില്‍ ഒരു എണ്‍പതാം നമ്പര്‍ എഫ് ഐ ആറിനെ പറ്റി ഇവിടെ പരാമര്‍ശിച്ചു. ഒരു പാട് സ്റ്റേഷനുകള്‍ ഉണ്ട്. ഏത് സ്റ്റേഷനിലെ എണ്‍പതാം നമ്പര്‍ എഫ് ഐ ആര്‍ ആണ് എന്നത് അന്വേഷിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞാല്‍ കപില്‍ സിബില്‍ സാഹബിനെ വ്യക്തിപരമായി അറിയിക്കുന്നതാണ്. എന്നാല്‍ ചില എഫ് ഐ ആറുകളില്‍ സാക്ഷി മൊഴിഎടുക്കാന്‍ ആളെ വിളിപ്പിക്കുമ്പോള്‍ അവരും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും അത്തരം പരാതികള്‍ എല്ലാം ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഒരു കുറ്റകൃത്യത്തിനു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ അതേ കുറ്റത്തില്‍ വേറെ വകുപ്പുകള്‍ ചേര്‍ക്കണമെന്നു കണ്ടാല്‍ അത് ചെയ്യുക അല്ലാതെ ഒരേ കുറ്റത്തില്‍ മറ്റൊരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാ സാക്ഷിമൊഴികളും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പന്ത്രണ്ട് പോലീസ് സ്റ്റേഷനുകള്‍ക്കും ഓരോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വീതം ഞങ്ങള്‍ നിശ്ചയിച്ചിട്ടുമുണ്ട്.അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കും. എഴുന്നൂറില്‍ അധികം പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ തയ്യാറുക്കുന്ന ജോലി പോലീസ് ചെയ്തിട്ടുണ്ട്, അതില്‍ വളരെ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുമുണ്ട്. ആകെ 2647 പേരുടെ കസ്റ്റഡിയും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ രീതിയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിച്ചതിന്റെ അടുത്ത ദിവസം തന്നെ പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും കലാപത്തിന്റെ ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ അവരുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് പോലീസിന്റെ ഒരു ഇമെയില്‍ അഡ്രസ്സില്‍ / വാട്ട്‌സ് അപില്‍ അയച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എല്ലാവരുടേയും പക്കല്‍ നിന്നും, മാദ്ധ്യമങ്ങളില്‍ നിന്ന്, പൊതുജനങ്ങളില്‍ നിന്നും, സാമൂഹ്യ സേവകരില്‍ നിന്ന് ഒക്കെയായി വളരെയധികം ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളിലായി ഈ ദൃശ്യങ്ങള്‍ എല്ലാം വിശദമായി ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വളരെ വലിയ ശാസ്ത്രീയമായ തെളിവുകള്‍ നമുക്ക് ലഭിക്കുകയാണ്. ഞാന്‍ ഇന്നലെ പറഞ്ഞ മുഖം തിരിച്ചറിയുന്നതിനു നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആളുകളുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന് ശ്രീ ഒബ്‌റോയ് ആശങ്ക അറിയിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ഞാന്‍ വളരെ മാനിക്കുന്നു. ഇതില്‍ നമ്മള്‍ ആധാര്‍ ഡാറ്റ ഉപയോഗിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ കൊണ്ട് ഏതോ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ ഡികാര്‍ഡ് എന്നിവയുടെ ഡാറ്റ ആണ് ആളുകളെ തിരിച്ചറിയാന്‍ നമ്മള്‍ ഉപയോഗിക്കുന്നതെന്ന് സഭയില്‍ ഞാന്‍ ഇന്നലെ വ്യക്ത്മാക്കിയതാണ്. കുറച്ചു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു, കുറെ ആളുകള്‍ക്ക് അംഗഭംഗം സംഭവിച്ചു, കുറെ ആളുകളുടെ ജീവനോപാധികള്‍ നഷ്ടമായി, അപ്പോളും നമ്മള്‍ ചിലരുടെ സ്വകാര്യതയെ കുറിച്ചാണോ പറയേണ്ടതെന്ന് വിനയപൂര്‍വ്വം ഈ സഭയെ ഓര്‍മ്മിപ്പിക്കുന്നു. ഈ കലാപം ഉണ്ടാക്കിയവരെ കോടതിമുന്‍പാകെ ഹാജരാക്കി അവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്‍കുന്നതിനു പോലീസിനു ഇതിനുള്ള (ഡാറ്റകള്‍ ഉപയോഗിക്കുന്നതിനുള്ള) അധികാരം ഉണ്ടാകണം. ഇതില്‍ നമ്മള്‍ സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം ഒന്നും നടത്തിയിട്ടില്ല. അതിനാല്‍ ആരുടേയും സ്വകാര്യത ഹനിക്കുന്ന ഒരു നടപടിയും നമ്മള്‍ സ്വീകരിച്ചിട്ടില്ല എന്ന ഉറപ്പ് ഞാന്‍ നല്‍കുന്നു.

ഇന്നലെ വരെ 1117 മുഖങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു, ഇന്ന് രാവിലെ വരെ കലാപ സമയത്ത് ആളുകളെ കൊലപ്പെടുത്തുകയോ കല്ലെറിയുകയോ തീവെയ്പു നടത്തുകയോ ഒക്കെ ചെയ്ത 1922 മുഖങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 336 ആളുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ ആണ്. ഉത്തര്‍ പ്രദേശിലെ നാല് ജില്ലകളില്‍ നിന്നുള്ളവരുടെ ഡാറ്റയും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ചോദ്യം ഉയര്‍ന്നു വന്നത് ഉത്തര്‍പ്രദേശില്‍ നിന്നും ആളുകളെ കൊണ്ടുവരുന്നത് എന്തു കൊണ്ട് തടഞ്ഞില്ല എന്നതാണ്. ഇരുപത്തി നാലാം തീയതി രാത്രി തന്നെ ഉത്തര്‍പ്രദേശുമായുള്ള അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രദ്ധയില്‍ ഈ വിഷയം വന്ന ഉടന്‍ തന്നെ. ഈ കലാപം ഉണ്ടായ പല പ്രദേശങ്ങളും ഉത്തര്‍പ്രദേശിനോട് ചേര്‍ന്നു കിടക്കുന്നതാണ്. ജനാധിപത്യ രാജ്യത്ത് രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യുന്നതു പോലെ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യുക എന്നത് എളുപ്പമല്ല. എന്നിട്ടും എല്ലാ വാഹങ്ങളും പരിശോധിച്ചു, അതിലുള്ള വസ്തുക്കള്‍ പരിശോധിച്ചു, വണ്ടിയുടെ നമ്പര്‍ രേഖപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസന്‍സും വണ്ടിയുടെ ഉടമസ്ഥന്റെ വിവരങ്ങളും ഒക്കെ പരിശോധിക്കും. ഈ നടപടികള്‍ എല്ലാം നടക്കുന്നുണ്ട്. ആളുകള്‍ കൊല്ലപ്പെട്ടത്, ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടത്, ആശുപത്രികള്‍ നശിപ്പിക്കപ്പെട്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടത് നമ്മുടേ സമര്‍ത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങളുടെ പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ അന്‍പത് സംഭവങ്ങള്‍ മൂന്ന് അന്വേഷണ സംഘങ്ങള്‍ക്ക് വീതിച്ച് നല്‍കിയിട്ടുണ്ട്.അതില്‍ സമഗ്രമായ അന്വേഷണം ഡി ഐ ജി / ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. അങ്ങനെ അന്‍പത് കടുത്ത കുറ്റകൃത്യങ്ങള്‍ നമ്മള്‍ പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

ആക്രമണങ്ങള്‍ക്ക് പ്രാദേശികമായി ഉണ്ടാക്കിയ ആയുധങ്ങള്‍ (തോക്കുകള്‍) വളരെയധികം ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. പലതും ലൈസന്‍സ് ഇല്ലാത്തവ ആയിരുന്നു. അധികവും പ്രാദേശികമായി ആയി ഉണ്ടാക്കിയതായിരുന്നു. അത്തരത്തിലുള്ള 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളുടെ പരിശോധനയില്‍ നിന്നും ഏതുതരം ആയുധം കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഓട്ടോമാറ്റിക് ആണോ, പ്രാദേശീകമായി ഉണ്ടാക്കിയതാണോ എല്ലാം അറിയാന്‍ കഴിയും. ഇതെല്ലാം കണക്കിലെടുത്ത് 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 52 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള, കലാപത്തിനു ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന 107 ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇതുവരെയുള്ള കണക്കാണ്. ഇത് പൂര്‍ണ്ണമാണെന്ന് ഞാന്‍ കരുതുന്നില്ല. അന്വേഷണം നടക്കുന്നുണ്ട്.

സമുദായ സംഘടനകളെ രണ്ട് ഭാഗത്തുനിന്നുള്ള സമുദായ സംഘടനകളെ ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തണമായിരുന്നു എന്ന നിര്‍ദ്ദേശം ഇവിടെ വന്നു, 25നു രാവിലെ മുതല്‍ തന്നെ ഡല്‍ഹിലെ എല്ലാ പോലീസ്റ്റേഷനുകളിലും, കലാപം നടന്നയിടങ്ങളിലെ മാത്രമല്ല എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാധാനസമിതികളുടെ മീറ്റിങ്ങ് നടത്തിയിരുന്നു. 26 ആറാം തീയതിയോടെ ഞങ്ങള്‍ അത്തരത്തില്‍ 331 സമാധാന സമ്മേളനങ്ങള്‍ നടത്തിയിരുന്നു. അതില്‍ എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസ് തങ്ങളാലാവുംവിധം കലാപം പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

കലാപങ്ങളില്‍ പങ്കെടുത്തതായി ഡ്രൈവിങ്ങ് ലൈസന്‍സിന്റെ സഹായത്താല്‍ തിരിച്ചറിഞ്ഞ ആളുകളെ പിടിക്കുന്നതിനായി പോലീസിന്റെ നാല്പതില്‍ അധികം പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവര്‍ കുറ്റവാളികളുടെ വീട്ടില്‍ പോയിയും, അവരുടെ ഫോണ്‍ ട്രേസ് ചെയ്തും, സമീപവാസികളോട് അന്വേഷിച്ചും ആ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ ചെയ്തു വരുന്നുണ്ട്. ഈ നാല്പതിലധികം വരുന്ന ടീമുകളുടെ ജോലി ഇതുമാത്രമാണ്. അവര്‍ അന്വേഷണം നടത്തുന്നില്ല. അറസ്റ്റ് ചെയ്ത് ആളെ കൊണ്ടുവരുക മാത്രമാണ് അവരുടെ ജോലി.

പിന്നെ വന്ന ചോദ്യം ഇതൊരു ഗൂഢാലോചന ആണെന്ന് ഞാന്‍ പറഞ്ഞതിനെ കുറിച്ചാണ്. അതിലേയ്ക്ക് ഞാന്‍ പിന്നീട് വരാം. എന്നാല്‍ ഞാന്‍ ഇപ്പോള്‍ സഭയില്‍ ഇത്രമാത്രം പറയാം, സംഘടനയുടെ പേര് ഞാന്‍ പറയുന്നില്ല, എന്നാല്‍ ഇരുപത്തി നാലാം തീയതിയ്ക്ക് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് വിദേശത്തു നിന്നും നാട്ടില്‍ നിന്നും ഈ സംഘടനയ്ക്ക് കിട്ടുന്ന പണത്തെ കുറിച്ച് വിവിധ ഏജന്‍സികള്‍ വഴി വിവരം ലഭിച്ചിരുന്നു. ഈ പണം ഡല്‍ഹിയില്‍ പലര്‍ക്കും വീതിച്ചു നല്‍കുകയും ചെയ്തിരുന്നതിനെക്കുറിച്ചും അറിയിപ്പ് ഉണ്ടായിരുന്നു. അതിനെ കുറിച്ച് ആ സമയത്ത് തന്നെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അന്വേഷണം പ്രാഥമികഘട്ടത്തില്‍ നടക്കുന്ന അവസരത്തില്‍ തന്നെ കലാപം ആരംഭിച്ചിരുന്നു. ഈ വിഷയത്തില്‍ ഡല്‍ഹി പോലീസ് അടുത്ത് തന്നെ ചില വിവരങ്ങള്‍ പ്രഖ്യാപിക്കും. എന്നാല്‍ പണം അയച്ചതിനും കൈപ്പറ്റിയതിനും വിതരണം ചെയ്തതിനും ഞങ്ങള്‍ അഞ്ച് ആളുകളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഇന്ന് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആകെ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി ആണ് ഇന്നലെ സഭയില്‍ ഈ കലാപങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞത്.

ബഹുമാനപ്പെട്ട അംഗം വളരെ വ്യക്തമായ ഒരു ചോദ്യം ചോദിച്ചു നിങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ എത്ര അക്കൗണ്ടുകള്‍ പൂട്ടിച്ചിട്ടുണ്ട് എന്ന്. ഡല്‍ഹിയില്‍ സ്‌പെഷ്യല്‍ സെല്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ കലാപത്തിന്റെ സമയത്ത് അത് ആളികത്തിക്കാന്‍ ശ്രമിച്ച നൂറുകണക്കിനു അക്കൗണ്ടുകള്‍ പൂട്ടിച്ചിട്ടുണ്ട്. എന്നാല്‍ ചില അക്കൗണ്ടുകള്‍ കലാപത്തിനു രണ്ട് ദിവസം മുന്‍പ് പുതുതായി തുറന്നതും ഇരുപത്തി ആറാം തീയതി രാത്രിയ്ക്ക് മുന്‍പ് ഡിലീറ്റ് ചെയ്യപ്പെട്ടതുമായിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും കലാപം ആളിക്കത്തിക്കുന്നതിനും പ്രത്യേക പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നതിനും മാത്രം ഉപയോഗിച്ചതാണ്. ആ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നവരും ഒരു പക്ഷെ എന്റെ ഈ പ്രസ്തവന കേള്‍ക്കുന്നുണ്ടാവും. അവര്‍ കരുതുന്നുണ്ടാവും അക്കൗണ്ട് അവര്‍ ഡിലീറ്റ് ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്ന്. എന്നാല്‍ പാതാളത്തില്‍ പോയി ഒളിച്ചാലും അവരെ അവിടെ നിന്നും കണ്ടെത്തി പിടിച്ചുകൊണ്ടുവന്ന് നിയമത്തിനു മുന്നില്‍ ഞങ്ങള്‍ നിറുത്തും കാരണം അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അവര്‍ ചെയ്തതിനെല്ലാം തെളിവുകള്‍ ഉണ്ട്, അവര്‍ക്ക് ഇന്നത്തെ കാലത്ത് രക്ഷപ്പെടാന്‍ സാധിക്കില്ല. അവരെ കണ്ടെത്തും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് നിറുത്തുകയും ചെയ്യും.

ഈ കൂട്ടത്തില്‍ രണ്ടാളുകള്‍ ഐഎസുമായി ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ഐഎസില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഘുലേഖകള്‍ കിട്ടുന്നുണ്ടായിരുന്നു. ആ ലഘുലേഖകള്‍ ഭാരതത്തിലെ ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് ഇവിടെ വിദ്വേഷം പരത്താന്‍ അവര്‍ വിതരണം ചെയ്തിരുന്നു. അവരേയും നമ്മള്‍ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നമ്മുടെ സമര്‍ത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അങ്കിത് ശര്‍മ്മയും രത്തന്‍ ലാലും തികച്ചും ദൗര്‍ഭാഗ്യകരമായ രീതിയില്‍ ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ വ്യക്തികളെ സമൂഹങ്ങളെ ദില്ലി പോലീസ് പൂര്‍ണ്ണമായും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ ഈ സഭയെ അറിയിക്കുകയാണ്. അതിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ (അങ്കിത് ശര്‍മ്മയെ) കുത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയൊ ലഭ്യമായിട്ടുണ്ട്. അതിന്റെ ശബ്ദരേഖയും ലഭ്യമാണ്. ആ വ്യക്തി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. രത്തന്‍ ലാലിനെ കല്ലെറിയുന്നതിന്റെ വീഡിയോകള്‍ എല്ലാം ലഭ്യമായിട്ടുണ്ട്. അതില്‍ കൊലപാതകത്തിനു കാരണമായ വിധത്തില്‍ കല്ലെറിഞ്ഞവരെ തിരിച്ചറിയുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹികലാപത്തില്‍ നടന്നത് ദീര്‍ഘകാലത്തേയ്ക്ക് ആവര്‍ത്തിക്കാതിരിക്കാന്‍ കലാപകാരികളില്‍ നിന്നും നഷ്ടം ഈടാക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കണം എന്ന് ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതി രജിസ്റ്റ്രാര്‍ ജനറലിനോട് കത്ത് മുഖാന്തരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്ലെയിം കമ്മീഷണറെ (നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറെ) എങ്ങനെ ആണ് നിയമിക്കുന്നത് എന്ന് ഇന്നലെ ലോക്‌സഭയില്‍ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കുറച്ച് പേര്‍ക്ക് ക്ലെയിം കിട്ടും കുറച്ചുപേര്‍ക്ക് ക്ലെയിം കിട്ടിയില്ല എന്നിങ്ങനെ ആരോപണങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ ക്ലെയിം കമ്മീഷണറായി ആരുടേയും പേര് നിര്‍ദ്ദേശിച്ചിട്ടില്ല. ഡല്‍ഹി പോലീസ് ഡല്‍ഹി ചീഫ് ജസ്റ്റിസിനു കത്തെഴുതി അദ്ദേഹം തന്നെ ഏതെങ്കിലും ഒരു ജഡ്ജിയെ ക്ലെയിം കമ്മീഷണറായി നിയമിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞാന്‍ ഇത് പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്വേഷണത്തെ ഗൗരവമായിട്ടാണ` എടുത്തിട്ടുള്ളതെന്നും, ശാസ്ത്രിയമായി നീതിയുക്തമായ വളരെ വേഗത്തില്‍ ഉള്ള അന്വേഷണം ആണ് നടക്കുന്നതെന്നുള്ള വിശ്വാസം എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നതുകൊണ്ടാണ്. രാജ്യത്തെ ഏതൊരു കോണിലുള്ള ആളുടെ ഉള്ളിലും പ്രത്യേകിച്ച് ഡല്‍ഹിയുള്ള ആളുകളുടെ ഉള്ളില്‍ ഞങ്ങള്‍ക്ക് നേരെ ഉയരുന്ന ആരോപനങ്ങള്‍ ശരിയാണോ എന്ന കാര്യത്തില്‍ യാതൊരു വിധ ശങ്കയുംഉണ്ടാകേണ്ട കാര്യമില്ല. ഈ സഭയുടെ മുന്‍പാകെ എനിക്ക് പറയാനുള്ളത് അത്തരത്തിലുള്ള അരോപണങ്ങള്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത അടിസ്ഥാനമില്ലാതെ ഉന്നയിക്കരുതെന്നാണ്. എല്ലാത്തിനു ഉത്തരം പറയുന്നതിനു ഞാന്‍ തയ്യാറാണ്, ബാധ്യസ്ഥനാണ്. കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഏത് മതത്തില്‍ പെട്ടവരാണെങ്കിലും ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും ഏത് വിശ്വാസത്തില്‍ പെട്ടവരാണെങ്കിലും അവര്‍ക്ക് രക്ഷപ്പെടുന്നതിനുള്ള യാതൊരു വിധ പഴുതുകളും നല്‍കില്ല എന്ന ഉറപ്പ് അങ്ങയിലൂടെ ഈ സഭയ്ക്ക് ഞാന്‍ നല്‍കുന്നു. അതിനാല്‍ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറുടെ നിയമനം പോലും ഞങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

മറ്റൊരു വലിയ കാര്യം പറഞ്ഞത് ഡല്‍ഹി പോലീസ് പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കേണ്ട ഉദ്യോഗസ്ഥന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഞാന്‍ രാഷ്ട്രീയക്കാരനാണ്, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, ഉത്തരവാദിത്വം ഉള്ള ആളാണ്. നിങ്ങള്‍ എന്റെമേല്‍ ആരോപണങ്ങള്‍ ഉന്നയിക്കണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്, ഡെല്‍ഹി പോലീസിനുമേല്‍ ആരോപണങ്ങള്‍ ഉന്നയിക്കാതിരുന്നാലും. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും പഠിച്ച് മനസ്സിലാക്കിയ എനിക്ക് കൃത്യമായി പറയാനുള്ളത് ഡല്‍ഹി പോലീസ് ശരിയായ വിധമാണ് പ്രവര്‍ത്തിച്ചത് എന്നാണ്. ഞാന്‍ 161 കിലോമീറ്റര്‍ എന്ന് ഞാന്‍ പറഞ്ഞു എന്നാണ് ശ്രീ ആനന്ദ് ശര്‍മ്മ ഇന്നലെ പറഞ്ഞത് . എനിക്ക് തെറ്റിയതാണോ ശ്രീ ആനന്ദ് ശര്‍മ്മ കേട്ടതില്‍ വന്ന പിഴവാണോ എന്ന് ഞാന്‍ വീഡിയോ പരിശോധിക്കാം. എനിക്ക് തെറ്റിയതാണെങ്കില്‍ ഞാന്‍ അത് തിരുത്താം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് 16 കിലോമീറ്റര്‍ ആണ്. ഞാന്‍ ശതമാനവും കൂടി പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞത് ഡല്‍ഹിയില്‍ ആകെ 1.17കോടി ആളുകള്‍ വസിക്കുന്നു എന്നാണ്. കലാപം ഉണ്ടായ സ്ഥലങ്ങള്‍ ഏതാണ്ട് 20 ലക്ഷം ആളുകള്‍ വസിക്കുന്നുണ്ട്. ഡല്‍ഹിയുടെ ആകെ വിസ്തൃതിയുടെ 4% സ്ഥലം, 13% ആളുകള്‍ ആണ് കലാപബാധിതമായത്. 4% ,13% എന്നത് വളരെ ചെറിയ വിഭാഗം ആണെന്നല്ല ഞാന്‍ പറയുന്നത്. ഇത് ഞാന്‍ ഗൗരവതരമായി തന്നെ ആണ് കാണുന്നത്. ഒരാളുടെ എങ്കിലും ജീവന്‍ നഷ്ടമാവുക എന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇവിടെ അന്‍പതില്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇത് വളരെ ചെറുതാണെന്നോ ഇതില്‍ വലിയ പ്രസക്തി ഇല്ലെന്നോ ഞാന്‍ പറയില്ല. ഇത്രയും കലുഷിതമായ അന്തരീക്ഷമായിരുന്നിട്ടുകൂടി ഡല്‍ഹിയുടെ 4% വിസ്തൃതിയ്ക്ക് അപ്പുറം 13% ജനങ്ങള്‍ക്ക് അപ്പുറം കലാപം പടരാതെ നോക്കുന്നതില്‍ ഡല്‍ഹി പോലീസ് വിജയിച്ചു എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. അതും നമ്മള്‍ പരിഗണിക്കേണ്ടതാണ്. ഡല്‍ഹിയിലെ ഓരോ ജില്ലയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നാണ് താമസിക്കുന്നത്. സിഖ് സഹോദരങ്ങള്‍ വസിക്കുന്നുണ്ട്. കൃസ്ത്യാനികള്‍ വസിക്കുന്നുണ്ട്. എന്നാല്‍ കലാപം പടര്‍ന്നില്ല, പടരാന്‍ അനുവദിച്ചില്ല. ആ നേട്ടം ഡല്‍ഹിപോലീസിനു മാത്രം അവകാശപ്പെട്ടതാണ്. ഡല്‍ഹി പോലീസ് ആണ് പരിശ്രമിച്ചത്. ഇത് അംഗീകരിക്കേണ്ടത് ഡല്‍ഹി പോലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. വടക്ക് കിഴക്കന്‍ മേഖലയിലെ പന്ത്രണ്ട് സ്റ്റേഷനുകള്‍ കലാപം ബാധിച്ചു, അവയുടെ പേര് ഞാന്‍ പറയുന്നില്ല. എന്നാല്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍, കുറച്ചു സമയം എന്നത് ആധികാരികമായി ഒരിക്കല്‍ക്കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു ഇരുപത്തി നാലാം തീയതി ഉച്ചയ്ക്ക് കലാപത്തിന്റെ ആദ്യത്തെ സൂചന കിട്ടി, ധര്‍ണ്ണകളും ജാഥകളും 23 മുതല്‍ നടക്കുന്നുണ്ടായിരുന്നു, എന്നാല്‍ കലാപം എന്ന് പറയാവുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന, അല്ലെങ്കില്‍ പോലീസുമായി ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ആദ്യം ഉണ്ടാകുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്, അവസാനത്തെ സൂചന ഗോകുല്‍പൂര്‍ മേഖലയില്‍ നിന്നും 25നു രാത്രി 11 മണിയ്ക്കാണ് ലഭിക്കുന്നത്. അതിനു ശേഷം ഏറ്റുമുട്ടല്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനു ശേഷം മൃതദേഹങ്ങള്‍ പലതും കണ്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് ഇരുപത്തി അഞ്ചാം തീയതി വൈകീട്ട് ആറ് മണിയ്ക്ക് മുന്‍പായിട്ടാണ്. ഇത്രയും വലിയ ഏറ്റുമുട്ടലുകള്‍ നടന്നു. ഇത്രയും വലിയ കലാപം നടന്നു, അതില്‍ ആക്രമിക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടവര്‍ എല്ലാം പോലീസ് നടത്തിയ ആദ്യ കണക്കെടുപ്പില്‍ വന്നില്ല. പലരേയും പിന്നീട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനേയും ചേര്‍ത്ത് അന്വേഷണം നടത്തി കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ആ ഹതഭാഗ്യരുടെ പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അവരെല്ലാം മരണപ്പെട്ടിരിക്കുന്നത് ഫെബ്രുവരി 25നു രാത്രി 11 മണിയ്ക്ക് മുന്‍പാണ്. അതായത് ഈ കലാപം നീണ്ടുനിന്നത് വെറും മുപ്പത്തിയാറു മണിക്കൂര്‍ മാത്രമാണ്. ‘വെറും’ എന്ന് ഞാന്‍ പറഞ്ഞത് തെറ്റായ അര്‍ത്ഥത്തില്‍ എടുക്കരുതെന്ന് ഞാന്‍ നിങ്ങളോട് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. ഒരു മിനിറ്റു പോലും കലാപം ഉണ്ടാകരുതെന്നാണ് എന്റേയും സര്‍ക്കാരിന്റേയും ഡല്‍ഹി പോലീസിന്റേയും ആഗ്രഹം. എന്നാല്‍ ഇത്രയും കലുഷിതമായ അന്തരീക്ഷം രണ്ട് ഭാഗത്തു നിന്നും ഉണ്ടായിട്ടും മുപ്പത്താറു മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രിക്കാന്‍ സാധിച്ചു എന്നത് തീര്‍ച്ചയായും നല്ലകാര്യമാണ്.

മറ്റൊരു കാര്യം ശ്രീ സഞ്ജയ് സിങ്ങ് പറഞ്ഞത് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ ഉന്നയിച്ച സൈന്യത്തെ വിളിക്കണം എന്ന ആവശ്യത്തെ കുറിച്ചാണ്. ഇരുപത്തി അഞ്ചാം തീയതി പതിന്നൊന്ന് മണിയ്ക്ക് ഞങ്ങള്‍ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. അതില്‍ ഡല്‍ഹി പി സി സി പ്രസിഡന്റ് ഉണ്ടായിരുന്നു, ശ്രീ കേജ്‌രിവാള്‍ ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു, പ്രതിപക്ഷത്തെ പാര്‍ടികളുടെ നേതാക്കള്‍ ഉണ്ടായിരുന്നു, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഉണ്ടായിരുന്നു, ഞാന്‍ ഉണ്ടായിരുന്നു, ഡല്‍ഹിയുടെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉണ്ടായിരുന്നു, ഇന്റെലിജന്‍സ് ബ്യൂറോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു, അങ്ങനെ നിവധി പ്രധാനപ്പെട്ട ആളുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് ഇത്തരത്തിലുള്ള ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചില്ല. ഇരുപത്തി ഏഴാം തീയതി പട്ടാളത്തെ വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോള്‍ കലാപം ശമിച്ചിരുന്നു. ഇരുപത്തി അഞ്ചാം തീയത് രാത്രി 11 മണിയ്ക്ക് കലാപം അവസാനിച്ചു. എന്നാല്‍ രാഷ്ടീയമായി വെറുതെ ആരോപണം ഉന്നയിക്കുക എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല. അതില്‍ ഒരു കാര്യവും ഇല്ല. കാരണം ഇരുപത്തി അഞ്ചാം തീയതി രാത്രി കലാപം അവസാനിച്ചു. അദ്ദേഹം പറയുന്നത് എനിക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ ഇമോഷനും എനിക്ക് മനസ്സിലാകും. കാരണം അദ്ദേഹത്തിന്റെ കൗണ്‍സിലറുടെ വീട്ടില്‍ നിന്നും ഒരുപാട് സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആ കൗണ്‍സിലറെ പുറത്താക്കേണ്ടി വന്നു. ഞാന്‍ ഈ പ്രസംഗം മുഴുവന്‍ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ ഇത്രയും രാഷ്ട്രീയം പറയുമ്പോള്‍ എനിക്കും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടി വരും. കാര്യങ്ങള്‍ ആധികാരികമായ വ്യക്തത വരുത്തുന്നതിനു വേണ്ടി ഇത്രയും കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 22, 23, 24, 25. 26, തീയതികളില്‍ എത്രമാത്രം സി ആര്‍ പി എഫ് ജവാന്മാരെ ആവശ്യമുണ്ടായിരുന്നോ അത്രയും ആളുകളെ പോലീസിനെ സഹായിക്കാന്‍ വേണ്ടി വിന്യസിച്ചിട്ടുണ്ടായിരുന്നു. ദില്ലി പോലീസിനേയും അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതിനൊപ്പം കലാപം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. എണ്‍പത് കമ്പനി ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ആരോപണം ആണ് ഉന്നയിക്കപ്പെടുന്നത്. ഇത്ര ചെറിയ സ്ഥലത്ത് എണ്‍പതി കമ്പനി എന്തെടുക്കുകയായിരുന്നു? ഞങ്ങള്‍ക്ക് ചാന്ദ്‌നിചൗക്ക് സംരക്ഷിക്കണമായിരുന്നു. ഞങ്ങള്‍ക്ക് മുസ്തഫബാദും സംരക്ഷിക്കണമായിരുന്നു. കലാപം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. ഞാന്‍ ഏതെങ്കിലും അംഗത്തിന്റെ ചോദ്യത്തിനുള്ള ന്യായീകരണം അല്ല പറയുന്നത്, യഥാര്‍ത്ഥത്തില്‍ പോലീസിന്റെ അവസ്ഥ എന്തായിരുന്നു എന്നതാണ് വിശദീകരിക്കുന്നത്.

വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് ഇവിടെ പലരും വലിയ പരാമര്‍ശങ്ങള്‍ നടത്തി. വിദ്വേഷപ്രസംഗങ്ങള്‍ സി എ എ പാസാക്കിയതു മുതല്‍ ആരംഭിച്ചിട്ടുണ്ട്. വളരെ ദുഃഖത്തോടെ ഞാന്‍ പറയുകായാണ് രാജ്യം മുഴുവനുമുള്ള ന്യൂനപക്ഷങ്ങളുടെ മനസ്സില്‍, പ്രത്യേകിച്ചും മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സില്‍ സി എ എ അവരുടെ പൗരത്വം ഇല്ലാതാക്കും എന്ന അനാവശ്യമായ ഒരു ഭയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ എല്ലാ പാര്‍ടികളുടെയും നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അവരുടെ ആശങ്കകള്‍ക്ക് ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ ഞാന്‍ മറുപടിയും നല്‍കിയിരുന്നു. സി എ എയില്‍ ഉള്ള ഏത് നിബന്ധനയാണ് ഈ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്റെ പൗരത്വം എടുത്തുകളയുന്നതെന്ന് സുഹൃത്തുക്കളേ നിങ്ങള്‍ എന്നെ കാണിച്ചുതരൂ. സി എ എയിലെ ഏതെങ്കിലും വ്യവസ്ഥ ഉപയോഗിച്ച് ഒരു പൗരന്റെ പൗരത്വം എടുത്തുകളയാനുള്ള വിദൂരമായ ഒരു സാധ്യതപോലും നിങ്ങള്‍ കാണുന്നുണ്ടോ? രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരോട് ഞാന്‍ ഇന്നും പറയുന്നു, നിങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി എ എ പൗരത്വം നല്‍കാനുള്ള നിയമം ആണ്, പൗരത്വം എടുത്തുകളയാനുള്ളതല്ല. ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ടിയിലെ നേതാക്കളും ഉണ്ട്. നമുക്ക് ഒരുമിച്ച് പറയാം സി എ എ ആരുടേയും പൗരത്വം എടുത്തുകളയില്ല എന്ന് നമുക്ക് ഒരുമിച്ച് പറയാം. പിന്നെ ഈ കലാപങ്ങള്‍ ഒന്നും ഉണ്ടാകില്ല. പിന്നെ ഈ വിദ്വേഷം പടരില്ല. എന്ത് അടിസ്ഥാനത്തില്‍ ആണ് നമ്മള്‍ നമ്മുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ നടപ്പാക്കുന്നത്? ആരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്? ഈ സദസ്സില്‍ അറിവുള്ള ധാരാളം ആളുകള്‍ ഉണ്ട്. കപില്‍ സിബില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആണ്. സി എ എ യിലെ ഏത് വ്യവസ്ഥയാണ് മുസ്ലീം പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്നതെന്ന് അദ്ദേഹം പറയട്ടെ. ദയവുചെയ്ത് എന്നോട് പറയൂ.

കപില്‍ സിബില്‍: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി, ഇവിടെ ആരും സി എ എ ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കും എന്ന് പറയുന്നില്ല. പ്രത്യേകിച്ചും ഞങ്ങള്‍ (കോണ്‍ഗ്രസ്സ്). എന്നാല്‍ നിയമം പറയുന്നത് എന്‍ പി ആര്‍ നടപ്പിലാക്കുമ്പോള്‍ അതില്‍ പത്ത് ചോദ്യങ്ങള്‍ അധികമായി ഉണ്ടാകും. അത് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ ചോദിക്കും. അതിനു വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ‘D’ എന്ന് (Doubtful) അടയാളപ്പെടുത്തും. അതിനു ശേഷം അന്വേഷണം നടക്കും. ഇത് മുസല്‍മാന്‍മാര്‍ക്ക് മാത്രമല്ല ദരിദ്രരായവര്‍ക്കും ബാധകമാണ്. ഇത് ദളിതുകള്‍ക്ക് ബാധകമാണ്. ഇത് എല്ലാവര്‍ക്കും ബാധകമാണ്.

അമിത് ഷാ: സിബല്‍ സാഹബ് താങ്കള്‍ക്ക് കൂടി പ്രയോജനമുള്ള ആധികാരികമായ ചില വസ്തുതകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ദയവായി എന്നെ അനുവദിച്ചാലും. സി എ എ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് കപില്‍ സിബിലിന്റെ നേതാക്കള്‍ നടത്തിയ നിയവധി പ്രസംഗങ്ങള്‍ എനിക്ക് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആകും. എങ്ങനെ ആണ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാകുന്നതെന്ന് പറയൂ. ബഹുമാനപ്പെട്ട അംഗം പറഞ്ഞത് എന്‍ പി ആര്‍ നടപ്പിലാക്കുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടും എന്നാണ്. എന്‍ പി ആര്‍ നടപ്പിലാക്കുമ്പോള്‍ ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്, പത്രപ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. എന്‍ പി ആര്‍ ആദ്യം നടപ്പിലാക്കിയപ്പോളും രേഖകള്‍ ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും ആവശ്യപ്പെടുകയുമില്ല. രണ്ടാമതായി അദ്ദേഹം ചോദിച്ചത് ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യും എന്നാതാണ്. അതിനും പത്രപര്യങ്ങള്‍ നല്‍കി വ്യക്തത വരുത്തിയിട്ടുണ്ട്. അറിയാവുന്ന ഉത്തരങ്ങള്‍ മാത്രം നല്‍കാനുള്ള അവകാശം നിങ്ങള്‍ക്ക് ഉണ്ട്. ഉത്തരങ്ങള്‍ അറിയില്ല എങ്കില്‍ നിങ്ങള്‍ക്ക് നല്‍കാതിരിക്കാം. ഉത്തരങ്ങള്‍ എല്ലാത്തിനും നല്‍കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല.

ഗുലാം നബി ആസാദ്: ഇത് മുന്‍പ് നിങ്ങള്‍ പറഞ്ഞിട്ടില്ല. മുന്‍പ് നിങ്ങള്‍ പറഞ്ഞിട്ടില്ല.

അമിത് ഷാ: ഒരു മിനിട്ട്. ഞാന്‍ ലോക്‌സഭയില്‍………. ശരി ഞാന്‍ പറഞ്ഞത് ഇതുവരെ താങ്കള്‍ കേട്ടില്ല. അല്ലെങ്കില്‍ ആ വസ്തുത ഇതുവരെ താങ്കളുടെ അടുത്ത് എത്തിയില്ല. ഇപ്പോള്‍ നമ്മള്‍ മുഖാമുഖം ഇരിക്കുകയാണല്ലൊ. ഞാന്‍ പറഞ്ഞത് താങ്കള്‍ കേട്ടല്ലൊ. അപ്പോള്‍ ഇനിയെങ്കിലും പിന്തുണനല്‍കൂ. ഞാന്‍ വീണ്ടും വ്യക്തമായി പറയുന്നു. എന്‍ പി ആര്‍ നടപ്പാക്കുമ്പോള്‍ ഒരു രേഖയും ചോദിക്കില്ല. രണ്ടാമതായി നിങ്ങള്‍ക്ക് അറിയാത്ത ഉത്തരങ്ങള്‍ നിങ്ങള്‍ നല്‍കേണ്ടതില്ല. മൂന്നാമത് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ പറയുന്നു ആരുടെയും നേരെ ഒരു D യും ചേര്‍ക്കാന്‍ പോകുന്നില്ല. ആരുടേയും നേരെ. ഈ രാജ്യത്തെ ആര്‍ക്കും എന്‍ പി ആര്‍ നടപടികളെ ഭയപ്പെടേണ്ടകാര്യം ഇല്ല.

(കപില്‍ സിബില്‍ വീണ്ടും വ്യക്തത ആവശ്യപ്പെടുന്നു) അതിനുള്ള മറുപടി ആയി അമിത് ഷാ പറയുന്നു. ഞാന്‍ പറഞ്ഞല്ലൊ. വ്യക്തമായ ഉത്തരം നല്‍കാത്തവരെ D പട്ടികയില്‍ പെടുത്തും എന്ന് പറഞ്ഞത് അങ്ങാണ്. ഞാന്‍ പറഞ്ഞത് അങ്ങനെ ഉണ്ടാകില്ല എന്നാണ്. (വീണ്ടും സഭയില്‍ ബഹളം) ഡെറിക് സാഹബ് ഇരിക്കൂ. ബിനോയ് വിശ്വംജി എന്നെ മറുപടി പറയാന്‍ അനുവദിക്കൂ. ഞാന്‍ പറയാം വ്യക്തമാക്കാം. ഏതെങ്കിലും ഉത്തരം നല്‍കാതിരുന്നാല്‍ ഡി എന്ന് ചേര്‍ക്കപ്പെടും എന്ന് താങ്കള്‍ പറയുന്നത് പോലെ സംഭവിക്കുകയില്ല.

ഗുലാം നബി ആസാദ്: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞത് ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ ആരുടെയും കൂടെ ഡി ചേര്‍ക്കപ്പെടില്ല

അമിത് ഷാ: ശരിയാണ്.

ഗുലാം നബി ആസാദ്: അതുതന്നെ അല്ലെ പറഞ്ഞത്. ഡി ആര്‍ക്കും ഇടില്ല.

അമിത് ഷാ: അതെ. അതുതന്നെ ആണ് പറഞ്ഞത്. ഞാന്‍ വീണ്ടും പറയുന്നു. ഗുലാം നബി അസാദ് മുതിര്‍ന്ന അംഗമാണ്, പ്രതിപക്ഷ നേതാവാണ്. ആനന്ദ് ശര്‍മ്മജി ആഭ്യന്തരകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആണ്. പ്രതിപക്ഷത്തിലെ ഏതെങ്കിലും അംഗത്തിനു ഈ വിഷയത്തില്‍ ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഗുലാം നബി സാഹബ് താങ്കള്‍ അവരേയും കൂട്ടി വരൂ. ഞാന്‍ താങ്കള്‍ക്ക് മുന്‍ഗണന നല്‍കി സമയം അനുവദിക്കാം. ഞാന്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. അതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല. ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തില്‍… (വീണ്ടും ബഹളം) ഞാന്‍ പറഞ്ഞു ഗുലാം നബി സാഹബ് പ്രതിപക്ഷത്തെ ഒന്നോരണ്ടോ അംഗങ്ങള്‍ക്കൊപ്പം ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ആഗ്രഹികുന്നു എങ്കില്‍ ഞാന്‍ തയ്യാറാണ്. ആനന്ദ് ശര്‍മ്മ നമ്മുടെ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആണ് അദ്ദേഹവും വരട്ടെ.

സ്പീക്കര്‍: മന്ത്രി സംസാരിക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇടയ്ക്ക് പറയുന്നത് സഭയുടെ മാന്യതയ്ക്ക് യോജിച്ചതല്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതിനു ശേഷം അദ്ദേഹം അനുവദിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഞാന്‍ നല്‍കാം.

അമിത് ഷാ: നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കലാപത്തെ കുറിച്ചാണ്. എന്‍ പി ആര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഗുലാം നബി സാഹബ് അങ്ങേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. ഒന്നോ രണ്ടോ ദിവസം മുന്‍പ് പറയണം. നമ്മള്‍ സാര്‍ത്ഥകമായ ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്താം. അങ്ങനെ എല്ലാ തെറ്റിദ്ധാരണകളും ദൂരീകരിക്കാം. പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളോടും വിനയപൂര്‍വ്വം എനിക്ക് പറയാനുള്ളത് സി എ എ, എന്‍ പി ആര്‍ ഇവയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയം ആയി എന്നാണ്. കുറെ ആയി. ഡെറിക് ഭായ് അതാങ്കളും ഗുലാം നബി സാഹബിനൊപ്പം വരൂ.

രണ്ടു ഭാഗത്തു നിന്നും വിദ്വേഷപ്രസംഗങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായി. നിങ്ങള്‍ക്ക് സി എ എയെ കുറിച്ച് ആശങ്കളും സംശയങ്ങളും ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സില്‍ വലിയ ആശങ്കയുടെ അന്തരീക്ഷം ആണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്, അവരുടെ ആശങ്കകള്‍ മാറ്റേണ്ടതുണ്ട്. ഞാന്‍ ആരുടേയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ചില അംഗങ്ങള്‍ സി ആര്‍ പി സിയുടേയും ഐ പിസിയുടേയും വകുപ്പുകളും പറഞ്ഞു. ഞാന്‍ ഒരു കാര്യം വ്യക്തമാക്കാം. അടുത്ത കാലത്ത് ഈ കലാപം നടക്കുന്നത് മുന്‍പ് എന്താണ് സംഭവിച്ചത്. ഡിസംബര്‍ 15നു .. ഡിസംബര്‍ 14 നു ഷഹീന്‍ ബാഗില്‍ സമരമില്ല. ഷഹീന്‍ ബാഗ് സമാധാനപൂര്‍ണ്ണമായ സമരം ആണ്. അതിനുള്ള അവകാശം ഇല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷെ പ്രശ്‌നം ജനങ്ങളുടെ സൗകര്യങ്ങള്‍ ഇല്ലാതാവുന്നതാണ്. ജനങ്ങളുടെ സൗകര്യങ്ങള്‍ ഇല്ലാതാക്കരുത്. സമരം ചെയ്യുന്നതിനു ഓരോ സ്ഥലങ്ങള്‍ ഉണ്ട്. അവടെ സമരം ചെയ്യാം. ഡല്‍ഹിയിലും അത്തരം സ്ഥലങ്ങള്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളും നിങ്ങളും അവിടെയെല്ലാം ആയിരക്കണക്കിനു സരങ്ങള്‍ നടത്തിയിട്ടുമുണ്ട്. അത് ജനാധിപത്യപരമായ അവകാശമാണ്. അതില്‍ ആശങ്കകള്‍ ഒന്നും ഇല്ല. എന്നാല്‍ ഡിസംബര്‍ 14നു രാംലീലമൈതാനിയില്‍ നടന്ന പ്രസംഗത്തെ ഇവിടെ പലരും പറഞ്ഞു കഴിഞ്ഞു ശക്തമായ സമരം ആണ് നടത്തേണ്ടത്, അല്ലെങ്കില്‍ ഭീരുക്കള്‍ ആയിപ്പോകും എന്നെല്ലാം പരാമര്‍ശങ്ങള്‍ ഉണ്ടായി. അതിനെ തുടര്‍ന്നാണ് ഡിസംബര്‍ 15നു ഷഹീന്‍ ബാഗിലെ സമരം ആരംഭിക്കുന്നത്. ആ ദിവസങ്ങള്‍ ആദ്യമായി സംഘര്‍ഷവും ഉണ്ടായി. അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആയിരുന്നില്ല. സമരക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷം ആയിരുന്നു. ആരുടെ വിദ്വേഷപ്രസംഗത്തിന്റെ ഫലമായാണ് അതുണ്ടായതെന്നാണ് ഞാന്‍ പറഞ്ഞത്. ഫെബ്രുവരി 17നു മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന ഒരു പ്രസംഗത്തില്‍ ഒരു യുവാവ് പറഞ്ഞത് ലോകത്തിലെ ഏറ്റവും അധികാരമുള്ള ട്രമ്പ് ഇവിടെ വരുമ്പോള്‍ ഹിന്ദുസ്ഥാനിലെ ഭരണാധികാരികളോട് നമുക്കുള്ള അതിര്‍പ്പ് നമ്മള്‍ കാണിക്കണം, തെരുവില്‍ ഇറങ്ങണം, നമ്മുടെ ശക്തിതെളിയിക്കണം എന്നാണ്. ഈ വിദ്വേഷപ്രസംഗത്തിന്റെ നേരിട്ടുള്ള പ്രഭാവം ഇരുപത്തി മൂന്നാം തീയതി ഉണ്ടായി. ഇരുപത്തി മൂന്നാം തീയതി ഏഴെട്ട് ധര്‍ണ്ണകള്‍ പലസ്ഥലങ്ങളില്‍ ആയി നടന്നു. ഇത് ആ വിദ്വേഷപ്രസംഗത്തിന്റെ ഫലമാണ്. ഫെബ്രുവരി 19ന് ഒരു പാര്‍ടിയുടെ നേതാവ് പറഞ്ഞത് നമ്മള്‍ പന്ത്രണ്ട് കോടിയുണ്ട്, എന്നാല്‍ ഈ പന്ത്രണ്ട് കോടി നൂടികോടിയെ നേരിടാന്‍ പോന്നതാണെന്നാണ്. (ബഹളം..) തുടര്‍ന്ന് ഇരുപത്തി മൂന്നാം തീയതി വടക്കു പടിഞ്ഞാറന്‍ (ഡല്‍ഹിയില്‍) ഏഴെട്ടു സ്ഥലങ്ങളില്‍ ധര്‍ണ്ണകള്‍ നടന്നു. അങ്ങനെ സി എ എ വിരുദ്ധസമരമായി തുടങ്ങിയ ധര്‍ണ്ണങ്ങള്‍ പതിയെ പതിയെ വളര്‍ന്ന് വര്‍ഗ്ഗീയ കലാപം ആയി മാറി. ഞാന്‍ ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു വിദ്വേഷപ്രസംഗങ്ങളുടെ പരിണിതി ആരുടേയും നിയന്ത്രണത്തില്‍ നില്‍ക്കില്ല.

ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയം പരാമര്‍ശിക്കപ്പെട്ടു. നിയമമന്ത്രി അതിനെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജഡ്ജിയുടെ നിയമനത്തിന്റേയും സ്ഥലംമാറ്റത്തിന്റേയും ഉത്തരവ് മാത്രമാണ് ഭാരത സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതെന്ന് ജനങ്ങളും ലോകവും അറിയണം. അതിനുള്ള തീരുമാനം എടുക്കുന്നത് കൊളീജിയം ആണ്. കൊളീജിയം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അദ്ധ്യതക്ഷയില്‍ ഉള്ളതാണ്. ആദ്യം അവരുടെ ശുപാര്‍ശവരുന്നു. തുടര്‍ന്ന് ജഡ്ജിയുടെ സമ്മതം ചോദിക്കുന്നു. ഈ വിഷയത്തില്‍ ശുപാര്‍ശ വന്നത് ഫെബ്രുവരി 12നു ആണ്. ജഡ്ജിയുടെ സമ്മതം രണ്ട് ദിവസം മുന്‍പ് ലഭിച്ചിരുന്നു. നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് മാത്രമാണ് ആ ദിവസം ഇറങ്ങിയത്. ഇതിനു ഏതെങ്കിലും ഒരു കേസുമായി ഒരു ബന്ധവും ഇല്ല. മൂന്ന് ആളുകളെ സ്ഥലം മാറ്റി. എല്ലാവരുടേയും അനുമതി ലഭ്യമായിട്ടുണ്ട്. എല്ലാത്തിനു രേഖകളും ഉണ്ട്. ഞാന്‍ മറ്റൊരു വാദം കൂടി ഉന്നയിക്കുകയാണ്. ഒരു ജഡ്ജിമാത്രമേ ന്യായം നടപ്പിലാക്കൂ എന്നത് എന്തൊരു ചിന്താഗതിയാണ്? മറ്റുള്ള ജഡ്ജിമാര്‍ ന്യായം നടപ്പിലാക്കില്ലെ? ഒരു ജഡ്ജി മാത്രമേ നീതിനടപ്പാക്കുകയുള്ളോ? ഇത് സാധാരണ നടന്നുവരുന്ന ഒരു സ്ഥലംമാറ്റം മാത്രമാണ്. നിങ്ങളും സര്‍ക്കാര്‍ ആയിരുന്നതല്ലെ? ജഡ്ജിമാരുടെ നിയമനം സ്ഥലംമാറ്റം ഇവയില്‍ സര്‍ക്കാരിന്റെ പങ്കെന്താണെന്ന് നിങ്ങള്‍ക്കും അറിവുള്ളതല്ലെ? വളരെ കുറവാണ്. കൂടിപ്പോയാല്‍ ശുപാര്‍ശ മടക്കി അയക്കാം. അതേ ശുപാര്‍ശ വീണ്ടും അയക്കുകയാണെങ്കില്‍ സ്വീകരിക്കണം. അല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു ജഡ്ജി മാത്രമേ നീതി നടപ്പിലാക്കൂ എന്ന മാനസികാവസ്ഥയ്ക്ക് തന്നെ ഞാന്‍ എതിരാണ്. എന്തുകൊണ്ട് ഒരു ജഡ്ജിമാത്രം? മറ്റുള്ള ജഡ്ജിമാരില്‍ എന്തുകൊണ്ട് വിശ്വാസം ഇല്ല? വേറെയും ജഡ്ജിമാരുണ്ടല്ലൊ. എന്തെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ആണ് നമ്മള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്? സഭയുടെ ഉള്ളില്‍ പറയുന്നത്? നമ്മുടെ ജുഡീഷ്യറിയെ കുറിച്ച് എന്തു സന്ദേശം ആണ് നല്‍കുന്നത്? ഇങ്ങനെ മുന്നോട്ട് പോകാന്‍ ആവില്ല.

വിദ്വേഷപ്രസംഗങ്ങള്‍ ഇങ്ങനെ നടന്നത്, പണം അയക്കുന്നതിനുള്ള ഗൂഢാലോചന, കുറച്ചു അക്കൗണ്ടുകള്‍ ഇരുപത്തിമൂന്നാം തീയതിയ്ക്ക് മുന്‍പായി പുതുതായി തുടങ്ങി ഇരുപത്തി അഞ്ചാം തീയതി ഇല്ലാതായത്, ട്രമ്പ് വരുമ്പോള്‍ ശക്തി തെളിയിക്കണം എന്ന് പറഞ്ഞത്, അതേ സമയം തന്നെ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കലാപങ്ങള്‍ ഉണ്ടായത് എല്ലാം പരസ്പരം ബന്ധമുള്ളതാണ്. കുറച്ച് ആളുകള്‍ അല്പം കടന്ന് പറഞ്ഞത് ഈ കലാപങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെന്നാണ്. അമേരിക്കയുടെ രാഷ്ട്രപതി രാജ്യത്ത് സന്ദര്‍ശനം നടത്തുകയും ആതിഥേയന്‍ പ്രധാനമന്ത്രി ആയിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാര്‍ അങ്ങനെ ഒരു സ്‌പോണ്‍സേഡ് കലാപം നടത്തുമോ? അത്രയും സാമാന്യബുദ്ധി എങ്കിലും നിങ്ങള്‍ ഉപയോഗിക്കൂ. അങ്ങനെ ഒരു മുഹൂര്‍ത്തത്തിലാണോ കലാപം നടത്തുന്നത്. സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കൂ സഹോദരാ. എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കലാപം ഉണ്ടാക്കുന്നത് ഞങ്ങളുടെ പാരമ്പര്യം അല്ല, ഞങ്ങളുടെ പാരമ്പര്യം കലാപം ഉണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ചു ജയിലില്‍ അടയ്ക്കുക എന്നതാണ്. എന്റെ പാര്‍ടിയോടും എന്റെ നയങ്ങളോടുമൊപ്പം കലാപങ്ങളെ കൂട്ടിച്ചേര്‍ത്ത് ആരോപിക്കുന്ന പണി സ്വാതന്ത്ര്യം കിട്ടിയകാലം മുതല്‍ തുടങ്ങിയതാണ്. എന്നാല്‍ കണക്കുകള്‍ മറിച്ചാണ് പറയുന്നത്. 1967 ബിജെപി അധികാരത്തില്‍ ഇല്ലായിരുന്നു. 69 ബിജെപി അധികാരത്തില്‍ ഇല്ലായിരുന്നു. 67 റാംഝി ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. 69 അഹമ്മദാബാദ് ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. എല്ലാം പറയാം കേള്‍ക്കൂ. 70 ജല്‍ഗാം ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ജംഷഡ്പൂര്‍ 79 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. മുറാദാബാദ് 80 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ആസ്സാം 83 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. അഹമ്മദാബാദ് 85 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ബാദല്പൂര്‍ 89 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. 89 ഡല്‍ഹി ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. 90 ഹൈദരാബാദ് ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. അലിഗഡ് 90 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. സൂറത്ത് 92 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. കാണ്‍പൂര്‍ 92 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ഭോപാല്‍ 92 ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. 93 മുംബൈ ഞങ്ങള്‍ അധികാരത്തില്‍ ഇല്ലായിരുന്നു. ഞങ്ങള്‍ അധികാരത്തില്‍ ഉണ്ടായിരുന്നത് ഗുജറാത്തില്‍ കലാപം ഉണ്ടായപ്പോള്‍ മാത്രമാണ്. കലാപങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 76% ആളുകള്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തില്‍ ആണ്. എന്നിട്ടും എന്റെ പാര്‍ടിയുടെ മേല്‍ ആരോപണം ഉന്നയിക്കുന്നത് എന്തിനാണ്? ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. കോണ്‍ഗ്രസ്സിന്റെ കാലഘട്ടത്തിലും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ശാന്തമാക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞങളുടെ കാലത്തും കലാപം ഉണ്ടായി, അത് ശാന്തമാക്കാനുള്ള ശ്രമം ഞങ്ങളും നടത്തുകയാണ്. എന്നാല്‍ ഈ കലാപങ്ങളെ എന്റെ പാര്‍ട്ടിയുടേയും എന്റെ നയങ്ങളുടേയും തലയില്‍ വച്ചുകെട്ടാനുള്ള ശ്രമം അപലപനീയമാണ്. സത്യാവസ്ഥ മറിച്ചാണ്. 76% ആളുകള്‍ കൊല്ലപ്പെട്ടിട്ടുള്ളത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തില്‍ ആണ്. ഇത് രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. തുടക്കമിട്ടത് ഞാനല്ല അതുകൊണ്ട് അവര്‍ ഇത് കേള്‍ക്കേണ്ടി വരും.

അവസാനമായി എനിക്ക് അപേക്ഷിക്കാനുള്ളത് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവരോടും കക്ഷി നേതാക്കളോടും ഇത്രമാത്രമാണ്. കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ തുടങ്ങിയതേ ഉള്ളു. അത് വീണ്ടും തുറക്കുന്ന നീക്കങ്ങള്‍ ഒന്നും ആരും നടത്തരുത്. കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളുടെ പുനരധിവാസത്തിനും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാവരും സര്‍ക്കാരിനോട് സഹകരിക്കണം. എല്ലാവരും ഡല്‍ഹി പോലീസിനോട് സഹകരിക്കണം. അവസാനമായി ഒന്നു കൂടി പറയാനുള്ളത് സി എ എയെ പറ്റി എന്‍ പി ആറിനെ പറ്റി ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന ഒരാള്‍ക്ക് പോലും ഒരു ആശങ്കയും ഉണ്ടാകേണ്ട കാര്യം ഇല്ല. ഞാന്‍ എല്ലാ അംഗങ്ങളോടും പറയുന്നു ഗുലാം നബിയുടെ നേതൃത്വത്തില്‍ ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഈ വിഷയങ്ങളില്‍ സംശയങ്ങള്‍ ഉള്ളവര്‍ ചര്‍ച്ചയ്ക്ക് വരണം. ഇത് എപ്രകാരമാണ് ആര്‍ക്കും ദോഷം ചെയ്യാത്തതെന്ന് ഞാന്‍ വ്യക്തമാക്കാം. കൊല്ലപ്പെട്ടുവരുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ എനിക്കാവില്ല. ഞാന്‍ ഈശ്വരനല്ല. എന്നാല്‍ വീട് കത്തിക്കപ്പെട്ടവരോട്, കടകള്‍ കത്തിക്കപ്പെട്ടവരോട്, ശരീരത്തിനു ക്ഷതം ഏല്‍ക്കേണ്ടിവന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം, കലാപകാരികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടാവരായാലും ഏത് രാഷ്ട്രീയകക്ഷിയില്‍ പെട്ടവരായാലും, ഏത് വിശ്വാസത്തില്‍ ഉള്ളവരായാലും ഒരാളെപ്പോലും വെറുതെ വിടാതെ തിരഞ്ഞു പിടിച്ച് നിയമത്തിനുമുന്നില്‍ എത്തിച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കും എന്ന് ഉറപ്പ് നല്‍കുന്നു.

https://www.facebook.com/ovmthampi/posts/2813667455418523

 

Share48TweetSendShare

Latest stories from this section

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

Discussion about this post

Latest News

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies