അഗർത്തല: ത്രിപുരയിൽ തകർന്നടിഞ്ഞ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രവർത്തകരാണ് പാർട്ടി വിട്ടത്. ഇവർ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് സൂചന.
ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന പ്രവർത്തകരെ സ്വീകരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ്സ് അദ്ധ്യക്ഷൻ പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തദ്ദേശീയ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് കോണ്‍ഗ്രസിനെ എ.ഡി.സിയില്‍ ശക്തിപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിപിഎം ശക്തികേന്ദ്രമായിരുന്ന ത്രിപുരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. തുടർച്ചയായ പരാജയങ്ങൾക്കൊപ്പം പ്രവർത്തകരുടെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ കഴിയാത്തതും സംസ്ഥാനത്ത് സിപിഎമ്മിന് തിരിച്ചടിയാവുകയാണ്.
Discussion about this post