തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് വന്ന ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പൊളിക്കുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് പറഞ്ഞത് അനുസരിക്കാതെ ഇവര്‍ പുറത്തിറങ്ങി നടന്നത് വലിയ പ്രശ്നം സൃഷ്ടിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസിന്റെ വ്യാപനം തടയാനായി സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതിനെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കാസര്‍ഗോഡ് ജില്ല പൂര്‍ണമായി അടച്ചിടും. ഒന്‍പത് ജില്ലകളില്‍ നിയന്ത്രണമുണ്ടാകും. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴിച്ചുള്ള ജില്ലകളിലാണ് നിയന്ത്രണം.
നിയന്ത്രണങ്ങളില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കി. പാല്, പത്രം, ആംബുലന്‍സ്, തുടങ്ങിയവയ്ക്ക് നിയന്ത്രണമില്ല. കടകകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കുന്നതില്‍ പ്രശ്നമില്ല. കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഏഴില്‍ക്കൂടുതല്‍ പേര് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടരുതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് തടയാന്‍ വ്യാപാര സംഘടനളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും ടോം ജോസ് വ്യക്തമാക്കി.
ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണം. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Discussion about this post