യംഗൂണ്‍: മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. 214 പേരുടെ സാമ്പിളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാരുടെ ഫലമാണ് പോസിറ്റീവായത്. 54 ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യത്ത് ഇതേവരെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ 36കാരനും യു.കെയില്‍ നിന്ന് തിരിച്ചെത്തിയ 26കാരനുമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്.
അതേസമയം രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഏറ്റവും ജനസംഖ്യകൂടിയ തെക്ക് – കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നായ മ്യാന്‍മാര്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ കര അതിര്‍ത്തികളെല്ലാം കഴിഞ്ഞാഴ്ച തന്നെ മ്യാന്‍മാര്‍ അടച്ചിരുന്നു. ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിരുന്നു. ബാറുകളും റെസ്‌റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സിനിമാ തിയേറ്ററുകളും മറ്റും അടഞ്ഞു കിടക്കുകയാണ്.
Discussion about this post