പുതുച്ചേരി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിന് എം എൽ എയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പുതുച്ചേരിയിലെ കോൺഗ്രസ്സ് എം എൽ എ ജോൺ കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നെല്ലിത്തോപ്പിലെ വസതിക്ക് മുന്നിൽ തടിച്ച് കൂടിയ ഇരുന്നോറോളം പേർ വരുന്ന ആൾക്കൂട്ടത്തിന് സഞ്ചിയിലാക്കിയ പച്ചക്കറികൾ ഇയാൾ പരസ്യമായി വിതരണം ചെയ്യുകയായിരുന്നു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ കർഫ്യൂ ഏർപ്പെടുത്തിയതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സാമി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണും നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു എം എൽ എയുടെ നിയമലംഘനം.
അതേസമയം കൊവിഡ് 19 ബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം കർശനമായ നിയന്ത്രണങ്ങൾ തുടരുകയാണ്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അറുന്നൂറ് കടന്നു. 13 പേർ ഇതിനോടകം വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടു. രോഗം ഭേദമായതിനെ തുടർന്ന് 42 പേർ ആശുപത്രി വിട്ടതായും കേന്ദ്ര സർക്കാർ അറിയിച്ചു.
Discussion about this post