കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിയ ഒരു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ക്വാറന്റീൻ ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരെ 14 ദിവസത്തേക്കായിരിക്കും നിരീക്ഷണത്തിൽ വെക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ ഉത്തർ പ്രദേശിലേക്ക് എത്തിയിരുന്നു.
സംസ്ഥാനത്തേക്ക് വന്ന തൊഴിലാളികളുടെ പേരുകളും മേൽവിലാസങ്ങളും ഫോൺ നമ്പറുകളും ജില്ലാ മജിസ്ട്രേറ്റുമാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ക്വാറന്റീന് വിധേയരാകാത്ത ആളുകളെ കണ്ടെത്താൻ ഗ്രാമത്തലവന്മാർക്കും ആശാ വർക്കർമാർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
ഇവരുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും പൂർണ്ണ ചിലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ച യോഗി, എല്ലാവരുടെ അടിസ്ഥാന ആവശ്യങ്ങളും സർക്കാർ നിറവേറ്റുമെന്നും അതിനായി തങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.
ബിഹാറിലും സമാനമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു. നേരത്തെ ഡൽഹിയിൽ നിന്നും മറ്റും ഇതര സംസ്ഥാന തൊഴിലാളികൾ തെറ്റിദ്ധാരണക്ക് വിധേയരായി കൂട്ടം കൂട്ടമായി ഉത്തർ പ്രദേശിലേക്ക് വരുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി നേരിടാൻ തന്നെയാണ് യോഗി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post