മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരിപക്ഷ ദ്വീപാണ് ബാലി. രാമായണത്തിലെയും മഹാഭാരതത്തിലെയും പാരമ്പര്യം പേറുന്ന മനോഹരമായ ദ്വീപ്, വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.ബാലിയിൽ എവിടെത്തിരിഞ്ഞാലും ക്ഷേത്രങ്ങളാണ്. വീടുകളിൽ തന്നെ ക്ഷേത്രങ്ങൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ക്ഷേത്രങ്ങളെ പുര എന്നാണ് ബാലിക്കാർ പറയുന്നത്. വീടുകളിൽ പിതൃക്കൾക്ക് നിർമ്മിക്കുന്ന ക്ഷേത്രങ്ങൾക്ക് മേരു എന്നാണ് പേര്.
ബാലിയിലെ നയന മനോഹരവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് ടാനാലോട്ട് ക്ഷേത്രം.അർത്ഥം കര എന്നാണെങ്കിലും, കടലിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ബാലിയിലെ പ്രധാന കേന്ദ്രമായ കുട്ടയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ടാനാ ലോട്ട് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പതിനാറാം നൂറ്റാണ്ടിൽ ബാങ്ക്ഗയാങ് നിരർത്ഥ എന്ന ശിവ ഭക്തനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ബാലിയുടെ മൂന്ന് പ്രദേശങ്ങളിലായി ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരുടെ മൂന്നു ക്ഷേത്രങ്ങൾ പണികഴിപ്പിക്കാൻ ആയിരുന്നു നിരർത്ഥരുടെ ശ്രമം. അങ്ങനെ വടക്ക് ബ്രഹ്മാവിന്റെയും നടുക്ക് വിഷ്ണുവിന്റെയും തെക്ക് ശിവന്റെയും ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു.ബരാമൻ ഗ്രാമത്തിലെത്തിയ നിരർത്ഥ അവിടെ ക്ഷേത്രനിർമ്മാണത്തിന് പറ്റിയ ഒരു പാറ കണ്ടെത്തുകയും അതിൽ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.എന്നാൽ, ബരാമനിലെ ഗ്രാമത്തലവൻ അതിന് അനുവദിച്ചില്ല. അത്ഭുത പുരുഷനായ നിരർത്ഥ ബരാമനിൽ നിന്നും പാറ മൊത്തമായി അടർത്തി മാറ്റി കടലിലേക്ക് തള്ളി വെച്ചുവെന്നും അവിടെ ക്ഷേത്രം സ്ഥാപിച്ചു എന്നുമാണ് ബാലി വിശ്വാസം. ബാലി പുരാണമനുസരിച്ചു ക്ഷേത്രത്തിനു താഴെയുള്ള ഉഗ്രവിഷമുള്ള പാമ്പുകളാണ് ഈ ക്ഷേത്രത്തെ സംരക്ഷിക്കുന്നത് എന്നും ഈ പാമ്പുകളെ നിരർത്ഥ സൃഷ്ടിച്ചുവെന്നും അവർ വിശ്വസിക്കുന്നു. 210 ദിവസത്തിലൊരിക്കൽ ഇവിടെ ഒരു പ്രധാന പൂജ നടക്കുന്നു. ബാലിക്കാർക്കൊപ്പം ഇൻഡോനേഷ്യയിലെ ഹിന്ദുക്കളും ഈ പൂജയിൽ പങ്കെടുക്കും.
https://www.facebook.com/BraveIndiaVideo/videos/207737800680954/
ബാലിയിലെ മറ്റൊരു ക്ഷേത്രമാണ് ഉലുൻ ദാനു ബ്രതാന്‍.തടാക കരയിലാണ് ഈ ജല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയിലെ അൻപതിനായിരം രൂപ നോട്ടിൽ ഉള്ളത് ഈ ക്ഷേത്രത്തിന്റെ ചിത്രമാണ്. കാർഷിക ആവശ്യങ്ങൾക്കായി പുരാണ കാലം മുതൽ ഇവിടുത്തെ കർഷകർ ആശ്രയിച്ചിരുന്നത് ബ്രതാന്‍ തടാകത്തെയായിരുന്നു. ധാനൂ എന്നാ ദേവതയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
കടലിലേക്ക് ഉന്തിനിൽക്കുന്ന ഒരു മലയുടെ ചെരിവിൽ സ്ഥിതിചെയ്യുന്ന ഉലുവാത്തു ക്ഷേത്രമാണ് ബാലിയിലെ മറ്റൊരു പ്രധാന ക്ഷേത്രം.കടലിൽ നിന്ന് 70 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ,രുദ്രനെന്ന മൂർത്തിയാണ്.പ്രസിദ്ധമായ കെച്ചക്ക് ഡാൻസ് അരങ്ങേറുന്നത് ഈ ക്ഷേത്രത്തിലാണ്.ബാലിയുടെ സംരക്ഷക എന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഉഭൂതിലാണ്. അറിവിന്റെയും സംഗീതത്തിന്റെയും മാത്രമല്ല ജലത്തിന്റെയും ദേവിയാണെന്ന് ബാലിക്കാർ വിശ്വസിക്കുന്ന സരസ്വതിയുടെ ക്ഷേത്രമാണിത്. ക്ഷേത്രത്തിലേക്കുള്ള പാതയ്ക്ക് ഇരുവശവും മനോഹരമായ താമരപൊയ്കകളാണ്.
ബാലിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ബസാക്കി ക്ഷേത്രം. മൗണ്ട് അഗുങ്ങ് എന്ന അഗ്നിപർവതത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം വർഷമെങ്കിലും പഴക്കമുള്ള ഈ ക്ഷേത്രം മാതൃക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര മതിൽക്കെട്ടിൽ തന്നെ 86 ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ബാലിയിൽ ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ത്രിമൂർത്തികൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. നിരവധി അഗ്നിപർവ്വത സ്ഫോടനങ്ങളെ അതിജീവിച്ച ക്ഷേത്രമാണിത്.നിരവധി പ്രസിദ്ധമായ ക്ഷേത്രങ്ങൾ ഇനിയും ബാലിയിൽ കാണാം. എസ്.കെ പൊറ്റക്കാട്, ബാലിദ്വീപ് എന്ന തന്റെ സഞ്ചാര സാഹിത്യ കൃതിയിൽ പറഞ്ഞതുപോലെ ഭാരതവുമായും ഹിന്ദു സംസ്കാരവുമായും അഭേദ്യമായ ഒരു ബന്ധം പുലർത്തുന്ന പ്രദേശമാണ് ബാലി.













Discussion about this post