പൂഞ്ച്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ കശ്മീരിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണവുമായി സൈന്യം. കശ്മീരിലെ പാവപ്പെട്ടവരുടെ വീടുകളിൽ നേരിട്ടെത്തിയാണ് സൈനികർ റേഷൻ വിതരണം ചെയ്തത്.
‘ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സൈന്യം ചെയ്തു തരുന്നത് മറക്കാനാവാത്ത സഹായമാണ്. അവർ വീടുകൾ തോറും കയറിയിറങ്ങി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നു. ആവശ്യമെങ്കിൽ അറിയിച്ചാൽ ഇനിയും സാധനങ്ങൾ എത്തിക്കാമെന്ന് ഉറപ്പ് നൽകിയാണ് അവർ മടങ്ങുന്നത്. ഇന്ത്യൻ സൈന്യത്തോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കും.‘ ഗുല്പൂർ സ്വദേശിനിയായ മെഹർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
‘എല്ലാ കടകളും അടച്ചിട്ടിരിക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ പ്രയാസം നേരിട്ടിരുന്നു. എന്നാൽ ഇന്ന് സൈനികർ വീടുകളിൽ എത്തുകയും അരി, ഗോതമ്പ് തുടങ്ങിയ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വലിയ നന്ദിയുണ്ട്.‘ റാഹത്ത് പറയുന്നു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2301 ആയി. 56 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 156 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post