കുന്നംകുളം: ബ്ലാക്ക് മാൻ ഭീതിയുടെ ഓർമ്മകൾ ഉണർത്തി കുന്നംകുളത്തും പരിസരങ്ങളിലും അജ്ഞാത രൂപത്തിന്റെ വിളയാട്ടം. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ചിറ്റഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത രൂപത്തെ കണ്ടതായി ജനങ്ങൾ പറയുന്നത്.
രാത്രി പതിനൊന്നിനും പുലർച്ചെ രണ്ട് മണിക്കും ഇടയിലാണ് അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ അടുപ്പുട്ടി സ്വദേശി കല്ലാറ്റുപറമ്പില്‍ മോഹനന്‍ കറുത്ത രൂപത്തെ കണ്ട് തളര്‍ന്നു വീണിരുന്നു. പിന്നാലെ നിരവധി പേർ സമാനമായ അനുഭവം വിവരിച്ച് രംഗത്തെത്തി. സ്ഥലവാസിയും പ്രശസ്ത ഗാനരചയിതാവുമായ ബി കെ ഹരിനാരായണൻ അജ്ഞാത രൂപത്തെ കുറിച്ച് പാട്ടെഴുതിയിട്ടുണ്ട്. ഇത് മനുഷ്യനാണോ മൃഗമാണോ എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. അജ്ഞാത രൂപം പ്രത്യക്ഷപ്പെട്ട് മറയുമ്പോൾ മോട്ടോർ ബൈക്കിന്റെ ശബ്ദം കേൾക്കാറുണ്ടെന്നും പ്രദേശവാസികളായ സ്ത്രീകൾ പറയുന്നു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അജ്ഞാത രൂപത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ പൊലീസിനെയും കുഴപ്പിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പേരിൽ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് കുന്നംകുളം പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അജ്ഞാതനെ അന്വേഷിക്കാനെന്ന പേരില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന് എ.സി.പി. ടി.എസ്.സിനോജ് അറിയിച്ചു. പോലീസ് കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അജ്ഞാതനെ കണ്ടെന്നു പറയുന്നവര്‍ക്ക് പോലീസിനെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹചര്യം മുതലെടുത്ത് തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവര്‍, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ സാമൂഹികവിരുദ്ധരാണ് ഇതിനുപിന്നിലുള്ളതെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post