ജോഹന്നാസ്ബർഗ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ സ്വദേശി മരിച്ചു. ഇമാം മൗലാന യൂസഫ് ടൂട്ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് മാസത്തിൽ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാ അത്ത് സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ഇമാം യൂസഫ് ടൂട്ല ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ പരിശോധനകൾക്ക് വിധേയനാക്കുകയും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. തന്റെ വിധി അള്ളഹുവിന്റെ കരങ്ങളിലാണെന്നും തിരികെ വിളിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ഇച്ഛ ആയിരിക്കുമെന്നും യൂസഫ് ടൂട്ല പറഞ്ഞിരുന്നതായി ബന്ധുക്കൾ അന്താരാഷ്ട്ര മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
സഞ്ചാര പ്രിയനും വിശ്വാസിയുമായിരുന്നു ഇദ്ദേഹമെന്നും ലോകത്തിലെ പല രാജ്യങ്ങലിലും ഇദ്ദേഹം മതസമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
Discussion about this post