ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് സേനാ നിക്കമെന്നാണ് പാകിസ്ഥാന്റെ വിശദീകരണമെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഗിൽഗിത്ത് ബാൾട്ടിസ്ഥാനിൽ ജനാധിപത്യം അട്ടിമറിച്ച് ഗവർണ്ണർ ഭരണം ഏർപ്പെടുത്താനും തുടർന്ന് ആക്രമിക്കാനുമായിരിക്കാം പാകിസ്ഥാൻ പദ്ധതി തയ്യാറാക്കുന്നതെന്ന് പാക് അധീന കശ്മീർ മനുഷ്യാവകാശ പ്രവർത്തകൻ അംജദ് അയൂബ് മിർസ പറയുന്നു. ഇതിന്റെ മുന്നോടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ നടന്ന ആക്രമണങ്ങളെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഞായറാഴ്ച ജമ്മു കശ്മീരിലെ കേരാൻ മേഖലയിൽ നുഴഞ്ഞു കയറ്റക്കാരും ഇന്ത്യൻ സേനയും ഏറ്റുമുട്ടിയിരുന്നു. പോരാട്ടത്തിൽ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ സിഖ് ആരാധനാലയത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് ബോദ്ധ്യപ്പെട്ടിരുന്നു എങ്കിലും ആസൂത്രണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സാന്നിദ്ധ്യവും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഐ എസ് കെ പി ഭീകരൻ അസ്ലാം ഫാറൂഖിയെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചിരുന്നു.
ഐ എസ് കെ പി പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സൃഷ്ടിയാണെന്നും ഭീകരത ഏഷ്യയിൽ വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ തന്ത്രങ്ങൾ ഞെട്ടിക്കുന്നതാണെന്നും അഫ്ഗാൻ ദേശീയ സുരക്ഷാ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യക്ക് നേരെ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണ ശ്രമത്തെ അതീവഗുരുതരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നടത്തുന്ന ഹീനമായ ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യൻ സേന സുസജ്ജരായി ജാഗ്രത പുലർത്തുകയാണെന്നും യൂറേഷ്യൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.










Discussion about this post