അംബാല: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെയും ശുചീകരണ തൊഴിലാളികളെയും ചില വിഭാഗക്കാർ തുപ്പുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വാർത്തകൾക്കിടെ നന്മയുടെ വേറിട്ട കാഴ്ചയാകുകയാണ് ഹരിയാനയിലെ അംബാലയിലെ ജനങ്ങൾ. കൊറോണയ്ക്കെതിരെ പൊരുതുന്ന ശുചീകരണ തൊഴിലാളികളെ ഹാരവും പുഷ്പവൃഷ്ടിയും കൊണ്ട് ആദരിക്കുകയാണ് ഇവർ.
പതിവ് പോലെ ഓടകൾ വൃത്തിയാക്കിക്കൊണ്ടിരുന്ന ശുചീകരണ തൊഴിലാളികൾക്ക് മേൽ കെട്ടിടങ്ങളുടെ മുകളിൽ നിന്നു കൊണ്ട് അപ്രതീക്ഷിതമായായിരുന്നു ജനങ്ങൾ പൂക്കളും പൂമാലകളും വർഷിച്ചത്. ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എന്നാൽ ലോക്ക് ഡൗൺ കാലം കഴിയുന്നത് വരെ എല്ലാവരും വീട്ടിനകത്ത് തന്നെ കഴിച്ചു കൂട്ടണമെന്നും അതാണ് തങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും ശുചീകരണ തൊഴിലാളിയായ ബാൽരാജ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ശുചീകരണ തൊഴിലാളികളുടെ ധീരതയോടുള്ള ആദരസൂചകമായാണ് തങ്ങൾ ഇപ്രകാരം ഒരു സ്വീകരണം ഒരുക്കിയതെന്ന് സ്ഥലവാസിയായ ദേവീന്ദർ ശർമ്മ പറഞ്ഞു. അവർ തങ്ങൾക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെയാണെന്നും കൊറോണ വ്യാപനത്തിന് മുൻപേ തന്നെ അവരുടെ സേവനങ്ങളോട് ആദരവ് തോന്നിയിരുന്നുവെന്നും ഇപ്പോൾ അത് ഇരട്ടിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതായാണ് കണക്കുകൾ പുറത്തു വരുന്നത്. മഹാരാഷ്ട്രയിലെ സ്ഥിതി സാമൂഹിക വ്യാപനത്തിന്റെ വക്കോളം എത്തിയത് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post