ഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വെച്ച കോൺഗ്രസ്സ് നേതാവിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മുൻ കൗൺസിലറായ കോൺഗ്രസ് നേതാവ് കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദിനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
കോൺഗ്രസ്സ് നേതാവിനെയും കുടുംബാംഗങ്ങളെയും അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. നേതാവിന്റെ ഗ്രാമമായ ദീൻപുറിനെ നിയന്ത്രണ മേഖലായി പ്രഖ്യാപിച്ചു. ഗ്രാമത്തിലെ 250 ഓളം വീടുകൾ മുൻകരുതലിന്റെ ഭാഗമായി പൂട്ടി. ഗ്രാമീണരോട് വീടുകൾക്കുള്ളിൽ തുടരാൻ നിർദ്ദേശം നൽകിയതായും പൊലീസ് വ്യക്തമാക്കി.
‘രോഗലക്ഷണങ്ങൾ പ്രകടമായപ്പോഴും ഇയാൾ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിവരം പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതായി തെളിഞ്ഞു. പങ്കെടുത്തിട്ടില്ലെന്ന് ആവർത്തിച്ചെങ്കിലും, ഫോൺ വിവരങ്ങൾ പരിശോധിച്ചതില്‍നിന്ന് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തതായി വ്യക്തമായി.‘ പൊലീസ് പറഞ്ഞു.
അതേസമയം ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ച് 12 പേർ മരിച്ചു. 720 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 60 ശതമാനത്തിലധികം കേസുകളും നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധമുള്ളവയാണ്.
Discussion about this post