ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കൊറോണ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ ബന്ദികളാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേർക്ക് നാട്ടുകാർ കല്ലേറ് നടത്തി.
ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പൊരയിലാണ് സംഭവം. ഇവിടെ ഒരു വീട്ടിൽ കൊവിഡ് ലക്ഷണങ്ങളുള്ള ഒരു രോഗിയുണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്രീനിംഗ് പരിശോധനയ്ക്കെത്തിയതായിരുന്നു ആരോഗ്യ പ്രവർത്തകരുടെ സംഘം. എന്നാൽ വീട്ടുകാർ പരിശോധനയ്ക്ക് വിസമ്മതിക്കുകയും സാഹചര്യത്തിന്റെ പ്രാധാന്യം വിശദീകരിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരെ വീട്ടിനുള്ളിൽ ബന്ദികളാക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരെ മോചിപ്പിക്കാൻ സ്ഥലത്തെത്തിയ പൊലീസിനു നേർക്ക് പരിസരവാസികൾ കല്ലേറ് നടത്തി. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തുകയും ആരോഗ്യ പ്രവർത്തകരെ മോചിപ്പിക്കുകയുമായിരുന്നു. ആരോഗ്യ പ്രവർത്തകരെ ബന്ദികളാക്കുകയും കൊവിഡ് പരിശോധന തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത വീട്ടുകാർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
അതേസമയം ജമ്മു കശ്മീരിൽ ഇതു വരെ 224 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 17 പേർക്ക് പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തു. നാല് പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
Discussion about this post