ഓട്ടിസം ബാധിച്ച കുഞ്ഞിന് നൽകാൻ ഒട്ടകപ്പാൽ കിട്ടാനില്ലാത്തതിനാൽ പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച യുവതിയ്ക്ക് സഹായമെത്തിച്ച് കേന്ദ്രസർക്കാർ. മുംബൈ സ്വദേശിയായ നേഹയുടെ ഓട്ടിസം ബാധിച്ച മൂന്നര വയസ്സുള്ള കുഞ്ഞിന് ആട്, പശു മുതലായ മറ്റുള്ള ജീവികളുടെ പാൽ അടക്കം നിരവധി ഭക്ഷ്യവസ്തുക്കൾ അലർജിയായതിനാൽ ഒട്ടകപ്പാൽ മാത്രമാണ് നൽകിയിരുന്നത്. കുട്ടിയുടെ പ്രധാന ഭക്ഷണവും അതായിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഒട്ടകപ്പാൽ കിട്ടാനില്ലാതായി.ദുർലഭമായിരുന്നതിനാൽ ഒട്ടകപ്പാൽ വളരെ ചുരുക്കം കടകളിലേ ലഭിച്ചിരുന്നുള്ളൂ. കയ്യിലുള്ള സ്റ്റോക് തീരാൻ പോകുന്നതോടെ പരിഭ്രാന്തയായ യുവതി അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അപേക്ഷിക്കുകയായിരുന്നു.
നേഹ ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ ട്വീറ്റ് ചെയ്ത പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ, കാര്യങ്ങൾ പിന്നീട് ദ്രുതഗതിയിലായിരുന്നു. 20 ലിറ്റർ ഒട്ടകപ്പാൽ ഇന്ത്യൻ റെയിൽവേ രാജസ്ഥാനിൽ നിന്നും ശേഖരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുംബൈയിലെത്തിച്ചു കൊടുത്തു. തനിക്ക് ലഭിച്ച സഹായത്തിന് നന്ദി പറഞ്ഞ നേഹ, തന്റെ പോലെ തന്നെ കഷ്ടതയനുഭവിക്കുന്ന മറ്റൊരു കുഞ്ഞുള്ള കുടുംബത്തിന് പകുതി അളവ് ഒട്ടകപ്പാൽ പങ്കുവെച്ച് നൽകി.












Discussion about this post