വാഷിംഗടണ്‍: ബ്രിട്ടന് അടക്കം അമേരിക്കയുടെ സഖ്യകക്ഷികളായ എല്ലാ രാഷ്ട്രങ്ങള്‍ക്കുമെതിരെ യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്. യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്തുള്ള ഹംസയുടെ ബിന്‍ ലാദന്റെ ഓഡിയോ സന്ദേശം അല്ഖായിദയാണ് പുറത്തുവിട്ടത്. ഭീകരവാദത്തിന്റെ കിരീടാവകാശി എന്നാണ് അല്‍ഖായിദ ഹംസയെ വിശേഷിപ്പിക്കുന്നത്.
അല്‍ഖായിദയുടെ ഭാവി നായകന് എന്നാണ് ഹംസ അറിയപ്പെടുന്നത്. 20 വയസ്സാണ് ഹംസയുടെ പ്രായം.അമേരിക്കക്കെതിരെയും ലണ്ടന്‍, വാഷിംഗ്ടണ്‍, പാരീസ്, ടെല്‍ അവീവ് എന്നീ നഗരങ്ങളിലും യുദ്ധം നടത്താനാണ് ഹംസയുടെ ആഹ്വാനം.ട്വിറ്ററിലാണ് ഹംസയുടെ സന്ദേശം ഷെയര്‍ ചെയ്തത്.
ഓഡിയോയിലൂടെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജിഹാദ്നടത്തുന്നതിനുള്ള തന്റെ കര്‍മ പദ്ധതികളാണ് ഹംസ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പിതാവ് തുടങ്ങി വച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ മകനായ ഹംസ ബിന്‍ ലാദന് ഒരുങ്ങിയിറങ്ങിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ ആഗോള ജിഹാദിന് പുതിയ മാര്‍ഗനിര്‍ദേശം തരുന്നതായി അല്‍ഖായിദയുടെ വെബ്സൈറ്റിന്റെ ഡയറക്ടറായ റിതാ കാട്സ് ട്വീറ്റ് ചെയ്തു. പിതാവിനൊപ്പം ജിഹാദിന്റെ ജീവിതം നയിച്ചയാളാണ് ഹംസയെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ റിത പറഞ്ഞു. ജൂണിനു മുമ്പ് റെക്കോര്‍ഡ് ചെയ്തതാണ് ഓഡിയോ എന്നാണ് കരുതപ്പെടുന്നത്. 2011ല്‍ അമേരിക്കന്‍ സൈനികരാല്‍ ഒസാമ കൊല്ലപ്പെട്ട ശേഷം അയ്മന് അല്‍ സവാഹിരിയാണ് അല്‍ഖായിദയെ നയിക്കുന്നത്.
Discussion about this post