ഡൽഹി: ലോക്ക് ഡൗൺ കാലം ഗുണകരമായി പ്രയോജനപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യത്തിൽ ദേശീയപാത നിര്‍മ്മാണം തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡ് പണികളിലൂടെ തൊഴിൽ നൽകി കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമാകാനും സർക്കാരിന് പദ്ധതിയുണ്ട്. ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചനകള്‍ നടക്കുന്നുണ്ടെന്നും വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഹൈവേ പണികള്‍ക്കിടയില്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം ഭാഗികമായോ മുഴുവനായോ നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികൾ നടത്തിയാൽ ഗതാഗത തടസ്സം എന്ന പ്രശ്നം ഉദിക്കുന്നില്ല. കൂടാതെ പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവും. അതേസമയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാവണം തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തി കളക്ടർമാരെ ചുമതല ഏൽപ്പിക്കാനാണ് തീരുമാനം.
രണ്ടാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ ആശങ്ക അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഇവരുടെ ആശങ്കയ്ക്ക് വലിയ തോതിൽ പരിഹാരമാകുമെന്നാണ് സൂചന.
Discussion about this post