ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി വെടിയുതിര്‍ത്തു. കര്‍ണാടകത്തിലെ പ്രമുഖ മനോരോഗ ആസ്പത്രിയായ ബെംഗളൂരു ‘നിംഹാന്‍സി’ല്‍ ചികിത്സയില്‍ക്കഴിയുന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കൊലപാതകക്കേസില്‍ അറസ്റ്റിലായ വിശ്വനാഥ്(22) ആണ് ആസ്പത്രിയില്‍ അപ്രതീക്ഷിത ആക്രമണമഴിച്ചുവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങി മുകളിലേക്കു വെടിയുതിര്‍ത്തശേഷം ഒഴിഞ്ഞ മുറിയില്‍ കയറി വാതിലടച്ച വിശ്വനാഥിനെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പിടികൂടി. ഇതിനിടയില്‍ പോലീസിന്റെ വെടിയേറ്റ ഇയാളെ ‘നിംഹാന്‍സി’ലെതന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചികിത്സയ്ക്കായി കഴിഞ്ഞമാസം 24നാണ് വിശ്വനാഥിനെ ആസ്പത്രിയിലെത്തിച്ചത്. താഴത്തെ നിലയിലുള്ള പുരുഷന്മാരുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ ടോയ്ലെറ്റില് പോയി തിരികെവരുംവഴി ഗാര്‍ഡിന്റെ തോക്കു പിടിച്ചുവാങ്ങി മുകളിലേക്കു പലതവണ നിറയൊഴിക്കുകയായിരുന്നു. ഇതോടെ രോഗികള്‍ പരിഭ്രാന്തരായി ചിതറിയോടി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ വിശ്വനാഥ് സമീപമുള്ള ആളൊഴിഞ്ഞ മുറിയിലേക്കോടിക്കയറി. മുറി വളഞ്ഞ പോലീസ് കമാന്ഡോകള്ക്കെതിരെയും എതിര്‍വശത്തുള്ള നഴ്സസ് സ്റ്റേഷനിലേക്കും ഇയാള്‍ വെടിയുതിര്‍ത്തു. നഴ്സസ് സ്റ്റേഷനിലുണ്ടായിരുന്ന ഡോക്ടറും നഴ്സുമാരും തറയില്‍ കിടന്നാണ് രക്ഷനേടിയത്. ഇതിനിടയില്‍ വിശ്വനാഥിന് പോലീസിന്റെ വെടിയേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്ന് പോലീസ് വിശ്വനാഥിനെ കീഴ്പ്പെടുത്തുകയായിരുന്നു. വൈകീട്ട് ആറരയോടെ ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് ഇയാളെ മാറ്റി.
നൂറിലേറെ വെടിയുണ്ടകളുള്ള 303 റൈഫിളുപയോഗിച്ച് വിശ്വനാഥ് 23 റൗണ്ട് വെടിയുതിര്‍ത്തു. അക്രമം നിര്‍ത്താന്‍ തയ്യാറാകാതെവന്ന സാഹചര്യത്തിലാണ് പോലീസിന് വെടിവെയ്ക്കേണ്ടിവന്നതെന്ന് കമ്മിഷണര്‍ എന്‍.എസ്.മേഖരിക് പറഞ്ഞു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് 2012ലാണ് വിശ്വനാഥ് പോലീസ് പിടിയിലായത്. ഗുണ്ടാനിയമം ചുമത്തി ഇയാളെ പരപ്പന അഗ്രഹാര ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
Discussion about this post