കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. നമ്മുടെ മുഖ്യമന്ത്രി അവർക്ക് ചുവന്ന പരവതാനി വിരിച്ച് രാജകീയ സ്വീകരണം നൽകി എതിരേറ്റുവെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവൻ വിവരങ്ങളും യാതൊരുവിധ ഉപാധികളുമില്ലാതെ കൈമാറി. ഇതോടെ കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സർവ്വവിവരങ്ങളും സ്പ്രിംഗ്ളർ എന്ന ഐറ്റി ഭീമന്റെ കീശയിലായതായി കുമ്മനം രാജശേഖരൻ ആരോപിക്കുന്നു. സംസ്ഥാനത്തെയും രാജ്യത്തെയും വിവിധ കമ്പനികളെ ഒഴിവാക്കി ഒരു വിദേശ കമ്പനിയുടെ മുൻപിൽ എല്ലാ വിവരങ്ങളും വലിച്ചെറിഞ്ഞു കൊടുത്ത കേരള സർക്കാർ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നേരിടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പൗരനെ സംബന്ധിച്ച് വിവരങ്ങൾ (ഡാറ്റ) അയാൾ അറിയാത്ത മറ്റാർക്കെങ്കിലും നൽകുന്നത് നിയമവിരുദ്ധമാണ്. പക്ഷേ ഒറ്റ രാത്രികൊണ്ട് ഒരു ബട്ടൺ അമർത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവൻ സ്പ്രിംഗ്ളർ കമ്പനിയുടെ കൈവശം എത്തി.
ഇപ്പോൾ സർക്കാർ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിംഗ്ളർക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം ? കുമ്മനം ചോദിക്കുന്നു.
കേരളത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും കുമ്മനം പറയുന്നു. ഏതൊരു വിദേശ ഏജൻസിയുമായും കരാർ ഉണ്ടാക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. പക്ഷെ അതും ഉണ്ടായില്ല. മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം. മുഖ്യമന്ത്രി നിസാരവൽസരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്പനയുടെ ഗൗരവം കുറയില്ല. സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരുമെന്നും കുമ്മനം രാജശേഖരൻ ഓർമ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/kummanam.rajasekharan/posts/2646650558778048?__xts__[0]=68.ARBBwvtotnzIORD_G5C_cwTr_8U66Yq6RqkOOxAfyT5Gx_EoJFynTtTBuHWl0DgcSmwHpvfUXkSOiNBri3lS6ZvmcmRuuFcPhFnLaoNHQSjwFwyt7XA4hjnWPUtRsfwEY9ktpAanydikpVfBkA4-3a14shhkTvOgkXoFuw4Q7R0M95hcuBZc40nRiS5AJPB0TLYSoKD1NX3ycotTbjW9WGP_AiFM7zlz-olDDq9pQyOmANnoBFpOR-CtUt041nu71Y73OOqGl3bUr6U92qE9L_MiFlJwXSfPBel5IOzvtB78_zK3DzvJ4ORlFSc7559rL5X4q26OQWHmpxlFOUeUfA&__tn__=-R











