ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഉത്തർ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങൾക്ക് ഊന്നൽ നൽകിയാണ് കോവിഡ് പ്രതിരോധത്തിനുള്ള ഉത്തർ പ്രദേശ മാതൃക നടപ്പിലാക്കുന്നത്. ഹോട്സ്പോട്ടുകൾ കണ്ടെത്തുക, ലോക്ഡൗണിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക, പാവപ്പെട്ടവരുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുക എന്നിവയിൽ വേഗതയാർന്ന പ്രവർത്തനമാണ് ഉത്തർ പ്രദേശ് സർക്കാർ കാഴ്ചവെക്കുന്നത് എന്നാണ് വിലയിരുത്തൽ.
ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഏർപ്പെടുത്തിയ ‘വീട്ടുപടിക്കൽ സേവനം’ ഏറെ ശ്രദ്ധേയമായി. സംസ്ഥാനത്തെ 12.25 ലക്ഷം നിർമാണ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകിയതു കൂടാതെ വഴിയോര കച്ചവടക്കാർ, സൈക്കിൾ റിക്ഷക്കാർ ഉൾപ്പെടെയുള്ളവർക്കും 1000 രൂപ വീതം നൽകി. തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കും സാമ്പത്തിക സഹായം ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും അഭാവത്തിലും ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കി. ഹോട്സ്പോട്ടുകൾ കണ്ടെത്തുന്നതിലും തുടക്കം മുതൽ ഉത്തർപ്രദേശ് മുന്നിലായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഉത്തർപ്രദേശ് മാതൃക രാജ്യത്താകെ പിന്തുടരേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post