മുംബൈ: കൊവിഡ് കാലത്തെ ഓഹരി മൂല്യശോഷണം മുതലെടുത്ത് ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാനുള്ള ചൈനയുടെ മോഹങ്ങൾക്ക് തിരിച്ചടി. ചൈനീസ് കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനുളള കേന്ദ്ര സർക്കാരിന്റെയും സെബിയുടെയും നീക്കമാണ് ചൈനക്ക് പ്രതിസന്ധിയായിരിക്കുന്നത്. നേരിട്ടും പരോക്ഷമായും ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടേണ്ടത് ഇതോടെ നിർബന്ധമാകും.
ചൈനീസ് കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം പുരോഗമിക്കുകയാണ്. താൽക്കാലികമായി ഇത്തരം നിക്ഷേപങ്ങൾക്ക് സെബി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് കാലത്തെ അവസരം മുതലാക്കി ചൈനീസ്, ഹോങ്കോങ് തുടങ്ങിയ മേഖലകളിൽ നിന്ന് ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ട് നിക്ഷേപം എത്തുന്നതായുളള റിപ്പോർട്ടുകൾ ആശങ്കയുളവാക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ചൈനയിൽ നിന്ന് വൻ തോതിൽ നിക്ഷേപം സ്വീകരിച്ചിരിക്കുന്ന ബിഗ് ബാസ്‌ക്കറ്റ്, പേടിഎം, ഓല, എന്നീ കമ്പനികൾക്കും ചൈനീസ് മുൻനിര നിക്ഷേപകരായ അലിബാബ, ടെൻസെന്റ് എന്നിവർക്കും ഈ നീക്കം തിരിച്ചടിയായേക്കും.
Discussion about this post