കോട്ടയം: കൊറോണ രോഗബാധിതനായ ഡ്രൈവര്‍ക്കൊപ്പം ചരക്കു ലോറിയില്‍ സഞ്ചരിച്ച മറ്റൊരു ഡ്രൈവര്‍ കോട്ടയം മാര്‍ക്കറ്റില്‍ ലോഡുമായി എത്തി. ഇതോടെ, ഈ ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 17 പേരെ നിരീക്ഷണത്തിലാക്കി. ലോഡ് ഇറക്കിയശേഷം മടങ്ങിയ ഡ്രൈവറെ എറണാകുളത്ത് നിന്നും കണ്ടെത്തി. ഇയാളുടെ സ്രവ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കോട്ടയം മാര്‍ക്കറ്റിലെ പഴക്കട ഉടമയും ജീവനക്കാരും ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടെ 17 പേരുമായാണ് ഡ്രൈവര്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. ഇതേത്തുടര്‍ന്ന് കടയുടമയെയും ലോഡിങ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധിച്ചു. പഴക്കട അടപ്പിക്കുകയും ചെയ്തു. പരിശോധനഫലം ഇന്ന് ലഭിച്ചേക്കും.
19-ന് തമിഴ്നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായാണ് ഡ്രൈവര്‍മാര്‍ രണ്ടുപേരും തിരിച്ചത്. പാലക്കാട്ടുവെച്ച്, വണ്ടി ഓടിച്ചിരുന്ന ആള്‍ക്ക് അസ്വസ്ഥത തോന്നുകയും ചികിത്സ തേടുകയും ചെയ്തു. ലോറിയുമായി മറ്റേ ഡ്രൈവര്‍ കോട്ടയത്തേക്ക് പോന്നു. 21-ന് കോട്ടയത്ത് എത്തി ചരക്ക് ഇറക്കി മടങ്ങി. ഇതിനിടെ, പാലക്കാട് ചികിത്സയിലുള്ള ഡ്രൈവര്‍ക്ക് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേത്തടുര്‍ന്നാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ എറണാകുളത്ത് വെച്ച് കണ്ടെത്തിയത്. പൊലീസും ആരോഗ്യപ്രവര്‍ത്തകരും വണ്ടി തടഞ്ഞ് ഇദ്ദേഹത്തെ സ്രവപരിശോധനയ്ക്ക് വിധേയനാക്കി. ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി.
Discussion about this post