ഡല്‍ഹി: ലോകത്തിന് മുന്നില്‍ ഇന്ത്യയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സത്പേര് നശിപ്പിക്കാനായി ഇസ്ലാമോഫോബിയ ആയുധമാക്കി പാകിസ്ഥാന്. പ്രധാനമായും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തികൊണ്ട് സൈബര്‍ സ്പെയ്സിലൂടെ പ്രധാനമന്ത്രിയെയും ഇന്ത്യയെയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ കരിവാരിത്തേക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാകുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍, ‘ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ വികാരം രൂക്ഷമാകുന്നു’ എന്ന തരത്തിലുള്ള വ്യാജപ്രചാരണത്തിനാണ് പാക് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ കേന്ദ്രത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് മുസ്ലിം വിരുദ്ധത(ഇസ്ലാമോഫോബിയ) രൂക്ഷമാക്കുന്നു എന്ന മട്ടില്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്ന ഭൂരിഭാഗം മെസേജുകളിലും പാകിസ്ഥാന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും സുരക്ഷ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തിയെടുക്കാനാണ് പാകിസ്ഥാന്റെ ശ്രമം.
ഇന്ത്യയ്ക്കും ഇന്ത്യയുമായി അടുപ്പം സൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും ശത്രുത സൃഷ്ടിക്കാനും പ്രധാനമന്ത്രിയെ ഈ രാജ്യങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനുമാണ് പാകിസ്ഥാന് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പാകിസ്ഥാനും ഗള്‍ഫിലും നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രധാനമായും പുറത്ത് വിടുന്നത്. ‘ഇന്ത്യയില്‍ അസന്തുലിതാവസ്ഥ’, ‘മോദിക്ക് ലജ്ജയില്ലേ’ എന്ന തരത്തിലുള്ള ഹാഷ്ടാഗുകളും ഈ വ്യാജപ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പാക് തീവ്രവാദ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം ഇതാദ്യമായല്ല രാജ്യത്തെയും പ്രധാനമന്ത്രിയെയും ലോകരാജ്യങ്ങള്‍ക്കിടയില്‍ കരിവാരിത്തേക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നത്. കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞപ്പോഴും കാശ്മീരില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നപ്പോഴും പാകിസ്ഥാന് സൈബര്‍ ഇടങ്ങള്‍ വഴി രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു.
Discussion about this post